< Back
Entertainment
Naga Chaitanya Recalls First Meeting With Sobhita Dhulipala
Entertainment

'ശോഭിതയ്ക്ക് കുടുംബം ഏറെ പ്രധാനം, ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ ഒരു പോലെ' - നാഗചൈതന്യ

Web Desk
|
29 Nov 2024 12:31 PM IST

"ശോഭിതയുടെ അമ്മയും അച്ഛനുമൊക്കെ ഒരു മകനെ പോലെ തന്നെയാണ് എന്നെ കാണുന്നത്, രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമാണ്"

വാർത്തകളിൽ ഏറെ ഇടം പിടിച്ചതും ആരാധകർ ഏറെ കാത്തിരിക്കുന്നതുമായ താരവിവാഹമാണ് തെലുങ്ക് നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. ഓഗസ്റ്റിൽ നടന്ന വിവാഹനിശ്ചയത്തിന് ശേഷം അടുത്തിടെയാണ് വിവാഹത്തീയതി പുറത്തു വന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോസിൽ ഡിസംബർ 4നാണ് വിവാഹം.

ഇരുവരും തമ്മിലുള്ള പ്രണയം മുതൽ വിവാഹനിശ്ചയം വരെ വാർത്തയായപ്പോഴും ഇതിനോട് പ്രതികരിക്കാൻ നാഗചൈതന്യ തയ്യാറായിരുന്നില്ല. വിവാഹജീവിതത്തിലെ തന്റെ പ്രതീക്ഷകളൊക്കെ പങ്കുവച്ച് ശോഭിത അഭിമുഖങ്ങൾ നൽകിയപ്പോഴും മൗനം പാലിക്കുകയാണ് നാഗചൈതന്യ ചെയ്തത്. എന്നാലിപ്പോഴിതാ ശോഭിതയെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചുമെല്ലാം വാചാലനായിരിക്കുകയാണ് താരം.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാഗചൈതന്യ മനസ്സ് തുറന്നത്. ശോഭിത കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണെന്നും ഒരുപാട് കാര്യങ്ങളിൽ തങ്ങൾ ഒരുപോലെയാണെന്നും താരം പറയുന്നു. ശോഭിതയെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും താരം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ:

"ഒരു ഒടിടി ഷോയുമായി ബന്ധപ്പെട്ട് മുംബൈയിൽ വെച്ചാണ് ശോഭിതയെ ഞാനാദ്യമായി കാണുന്നത്. ശോഭിതയ്ക്കും അവിടെ ഒരു ഷോ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ കുറേ സംസാരിച്ചു. ഞങ്ങൾക്കിരുവർക്കുമിടയിൽ ഒരുപാട് സമാനതകളുണ്ട്. കുടുബംത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ശോഭിത. ഒട്ടുമിക്ക എല്ലാ ചടങ്ങുകളും കുടുംബത്തോടൊപ്പമാണ് ആഘോഷിക്കുക.

കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ശോഭിതയെയും കുടുംബത്തെയും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എനിക്ക്. ഞങ്ങളുടെ രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമാണ്. അവർ സന്തോഷമായി ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം. ശോഭിതയുടെ അമ്മയും അച്ഛനുമൊക്കെ ഒരു മകനെ പോലെ തന്നെയാണ് എന്നെ കാണുന്നത്.

വിവാഹദിനം ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും ഞാൻ കാത്തിരിക്കുന്ന ഒന്നാണ്. എല്ലാ ആചാരങ്ങളോടും കൂടി തികച്ചും പരമ്പരാഗത രീതിയിലുള്ള വിവാഹമായിരിക്കും അത്. ശോഭിതയുടെ കുടുംബത്തിന് അക്കാര്യത്തിലൊക്കെ വലിയ താല്പര്യമാണ്. വളരെ കുറച്ച് പേരെ ചിലപ്പോൾ വിവാഹത്തിന് കാണൂ, പക്ഷേ ആചാരങ്ങളുടെ കാര്യത്തിൽ ഒരു കുറവുമുണ്ടാവില്ല"- താരം പറയുന്നു.

വിവാഹവീഡിയോ ഒടിടി റിലീസിന് കൊടുത്തു എന്ന വാർത്ത അഭിമുഖത്തിൽ താരം നിഷേധിക്കുന്നുമുണ്ട്. വിവാഹവീഡിയോയുടെ ഒടിടി റിലീസിന് പ്ലാൻ ഇല്ലെന്നും അടിസ്ഥാനരഹിതമായ വാർത്തകളാണ് അതൊക്കെ എന്നുമാണ് താരത്തിന്റെ പ്രതികരണം. താരവിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്‌ളിക്‌സ് 50 കോടി നൽകി വാങ്ങി എന്നായിരുന്നു വാർത്തകൾ.

Similar Posts