< Back
Entertainment
കയ്യടി നേടി തലൈവിയുടെ നൃത്തം; കാതുകള്‍ കീഴടക്കി പാട്ടും
Entertainment

കയ്യടി നേടി 'തലൈവി'യുടെ നൃത്തം; കാതുകള്‍ കീഴടക്കി പാട്ടും

Web Desk
|
10 Sept 2021 2:40 PM IST

തലൈവിയായി എത്തുന്ന കങ്കണയുടെ നൃത്തം തന്നെയാണ് ഗാനരംഗത്തിന്‍റെ ഹൈലൈറ്റ്

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ഇന്നു തിയറ്റുകളിലെത്തിയിരിക്കുകയാണ്. രാജ്യത്താകെയുള്ള തിയറ്ററുകളിൽ ഒരു മാസം പ്രദർശനം നടത്തുന്ന 'തലൈവി' തുടർന്ന് ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വീണ്ടും റിലീസ് ചെയ്യും. അതിനിടെ ചിത്രത്തിലെ ഒരു ഗാനരംഗം ഈയിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രന്‍ഡിംഗില്‍ ഇടം നേടിയ ഗാനരംഗത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകര്‍.

തലൈവിയായി എത്തുന്ന കങ്കണയുടെ നൃത്തം തന്നെയാണ് ഗാനരംഗത്തിന്‍റെ ഹൈലൈറ്റ്. അത്ര അനായാസത്തോടെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. നൃത്തം കാണാനെത്തുന്നവരില്‍ എം.ജി.ആറുമുണ്ട്. അരവിന്ദ് സാമിയാണ് എം.ജി.ആറായി വേഷമിട്ടിരിക്കുന്നത്. 2,493,556 പേരാണ് ഇതുവരെ യു ട്യൂബില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നെനേ ബന്ദേ നൈനോ സേ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സൈന്ധവി പ്രകാശാണ്. ഇര്‍ഷാദ് കാമിലിന്‍റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു.

കോവിഡ് രണ്ടാം തരംഗം കഴിഞ്ഞു തിയറ്ററുകൾ തുറന്ന ശേഷം തമിഴകത്തു പ്രദർശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് തലൈവി. എ.എല്‍ വിജയ് ആണ് ചിത്രത്തിന്‍റെ സംവിധാനം. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി മൂന്ന് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

നാസറാണ് എം. കരുണാനിധിയായി ചിത്രത്തിലെത്തുന്നത്. ജയലളിത തോഴി ശശികലയായി മലയാളി നടി ഷംന കാസിമും എത്തുന്നു. സമുദ്രക്കനി, ഭാഗ്യശ്രീ, മധുബാല, രാജ് അര്‍ജുന്‍, രാധാരവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.



Similar Posts