
'നീ പോ മോനെ ദിനേശാ...' മലയാളി ഏറ്റെടുത്ത ആ സൂപ്പര്‍ഹിറ്റ് ഡയലോഗ് പിറന്നതിങ്ങനെ!
|അങ്ങനെ 'ആറാംതമ്പുരാൻ' എഴുതിയ അതേ കോഴിക്കോട് നഗരത്തിലിരുന്ന് രഞ്ജിത് 'നരസിംഹം' എഴുതാൻ തുടങ്ങി
മോഹൻലാലിന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് നരസിംഹം. ഇപ്പോഴും റിപ്പീറ്റഡ് വാല്യു ഉള്ള ചിത്രം. 2000ത്തിൽ പുറത്തിറങ്ങിയ നരസിംഹം ആ വര്‍ഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.ചിത്രം പോലെ അതിലെ ഡയലോഗുകളും സൂപ്പര്‍ഹിറ്റായിരുന്നു. 'നീ പോ മോനെ ദിനേശാ' എന്ന ഇന്ദുചൂഡന്‍റെ ഹിറ്റ് ഡയലോഗ് പറയാത്ത മലയാളികളുണ്ടാകില്ല. ആ സൂപ്പര്‍ഹിറ്റ് ഡയലോഗ് പിറന്നതിന് പിന്നിലും ഒരു കഥയുണ്ട്. ഷാജി കൈലാസ് പപ്പപ്പ .കോമിൽ എഴുതിയ കോളത്തിലാണ് ഈ കഥ പറയുന്നത്.
''മോഹൻലാൽ അഭിനയത്തിന്റെ അക്ഷയഖനിയാണ്. അത് ഒരിക്കലും വറ്റുകയോ വരളുകയോ ഇല്ല. അതിൽ നിന്ന് എന്തെടുത്താലും വീണ്ടും നിറയും. അക്ഷയപാത്രം പോലെ മോഹൻലാലിൽ നിന്ന് ആർക്കും എപ്പോഴും എന്തളവിൽ വേണമെങ്കിലും ഇഷ്ടമുള്ളത് കിട്ടും. ആ മോഹൻലാലിലുണ്ടായിരുന്നു ആന്റണി ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. 'ആറാംതമ്പുരാന'പ്പുറം ചെയ്യാനുള്ളത് മോഹൻലാലിൽ പിന്നെയും ബാക്കിയാണ്. മോഹൻലാലിൽ അപാരമായ അളവിൽ കൊമേഴ്സ്യൽ എലമെന്റ്സ് ഉണ്ട്. അവയുടെ കാര്യത്തിൽ ലാൽ പലതരം ഭൂഖണ്ഡങ്ങളെ ഉള്ളിൽ വഹിക്കുന്നയാളാണെന്ന് പറയാം. വാണിജ്യസാധ്യതകളുടെ അറിയപ്പെടാത്ത ഭൂഖണ്ഡങ്ങൾ ലാലിലുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. അതിനുള്ള അന്വേഷണമായിരുന്നു രഞ്ജിത് 'നരസിംഹ'ത്തിന്റെ ഔട്ട് ലൈൻ പറഞ്ഞപ്പോൾ മുതൽ നടത്തിയത്.
അങ്ങനെ 'ആറാംതമ്പുരാൻ' എഴുതിയ അതേ കോഴിക്കോട് നഗരത്തിലിരുന്ന് രഞ്ജിത് 'നരസിംഹം' എഴുതാൻ തുടങ്ങി. ആ നഗരത്തിലാണ് എന്റെ രണ്ടാമത്തെ മോഹൻലാൽ ചിത്രവും പിറവികൊണ്ടത്. കാലിക്കറ്റ് ടവറായിരുന്നു ഞങ്ങളുടെ താവളം. ആറാംതമ്പുരാനിൽ ചെയ്തതുപോലെ, ഞാൻ ഇടയ്ക്കിടയ്ക്ക് കോഴിക്കോട്ടെത്തും. ചർച്ചകൾ നടക്കും,അഭിപ്രായങ്ങൾ തമ്മിൽതമ്മിൽ പറയും. അല്ലാത്ത സമയങ്ങളിൽ രഞ്ജിത്തിനെ എഴുതാനായി സ്വതന്ത്രനാക്കി വിട്ടു. ഞാൻ കോഴിക്കോട്ടെത്തുന്ന അവസരങ്ങളിൽ വൈകുന്നേരം ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഓഫീസേഴ്സ് ക്ലബ്ബിലേക്ക് പോകും. കോഴിക്കോട്ടുള്ള സുഹൃത്തുക്കളായ ഹബീബ്,വത്സരാജ്,നിസ്സാർ,അഗസ്റ്റിൻ എന്നിവരെയൊക്കെക്കൂട്ടി ഒരു സംഘമായാണ് ആ യാത്ര.
അങ്ങനെയൊരു ദിവസം ഞങ്ങൾ ഓഫീസേഴ്സ് ക്ലബ്ബിൽ ഭക്ഷണം ഓർഡർ ചെയ്ത് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള ഒരു മേശയിൽ ചീട്ടുകളി നടക്കുന്നുണ്ട്. പണംവച്ചൊന്നുമല്ലാതെ വിനോദത്തിനായുള്ള കളി. അത് അവിടെ അനുവദനീയവുമാണ്. എന്റെ ശ്രദ്ധ കുറച്ചുനേരം അവരിലേക്കായി. അവരിലൊരാൾ കളിക്കുമ്പോഴും ഭക്ഷണം ഓർഡർ ചെയ്യുമ്പോഴുമെല്ലാം മറ്റുള്ളവരെ വിളിക്കുന്നത് 'മോനേ ദിനേശാ..'എന്നാണ്. എല്ലാവരെയും അങ്ങനെതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. ആരോ ഒരാൾ വന്നപ്പോൾ ചോദ്യം: 'മോനേ ദിനേശാ...എപ്പോ എത്തി...?'ഇടയ്ക്ക് ബെയററെ നോക്കി വിളിച്ചുപറയുന്നതുകേട്ടു..'മോനേ ദിനേശാ...ഒരു ബീഫ് ഫ്രൈ...'ആരോ ഒരാൾ കള്ളക്കളി കളിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് 'മോനേ ദിനേശാ...കള്ളക്കളി കളിക്കല്ലേ..'എന്നാണ്.
കുറച്ചുനേരം അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നപ്പോൾ എനിക്കതൊരു രസമുള്ള ക്യാരക്ടറായി തോന്നി. അദ്ദേഹം ഒരു ഡോക്ടറായിരുന്നു. പരിചയപ്പെട്ടപ്പോൾ നമ്മളെ വിളിച്ചതും 'മോനേ ദിനേശാ' എന്നുതന്നെ. ഇതൊരു സൂപ്പർസാധനമാണല്ലോ...ഞാൻ രഞ്ജിത്തിനോട് പറഞ്ഞു. അപ്പോൾ രഞ്ജിത് പറഞ്ഞു: 'അതെ..ഇതു നമ്മൾ എടുക്കും..' അങ്ങനെ ഒരു ഫോൺവിളിയിൽ നിന്ന് 'ശംഭോ മഹാദേവാ' എന്ന വിളി ജനിച്ചതുപോലെ കോഴിക്കോട് നഗരത്തിലെ തന്നെ ഓഫീസേഴ്സ് ക്ലബ്ബിലെ ഒരു ചീട്ടുകളി മേശയിൽ നിന്ന് പിറവിയെടുത്തതാണ് 'മോനേ ദിനേശാ' എന്ന അഭിസംബോധന. പിന്നീട് കേരളം ഏറ്റെടുത്ത,ഇന്നും പലരും ആവർത്തിക്കുന്ന ഡയലോഗ്''.