
'ഒന്നിച്ചു പോകാനാകുന്നില്ല'; നാസ് ഡെയ്‌ലി സ്ഥാപകൻ നുസൈർ യാസിനും പങ്കാളി അലീനും വേർപിരിഞ്ഞു
|13 മിനിറ്റ് നീണ്ട ബ്രേക്കപ്പ് വീഡിയോ ഇരുവരും പങ്കുവച്ചു
നാസ് ഡെയ്‌ലി സ്ഥാപകനും വിഖ്യാത വ്‌ളോഗറുമായ നുസൈർ യാസിനും പങ്കാളി അലീൻ താമിറും വേർപിരിഞ്ഞു. ആറു വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനു ശേഷമാണ് ഇരുവരും വെവ്വേറെ വഴി കണ്ടെത്തിയത്. പല കാരണങ്ങൾ കൊണ്ട് ഒന്നിച്ചു പോകാനാകുന്നില്ലെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഫേസ്ബുക്കില്‍ മാത്രം എഴുപത് ലക്ഷത്തോളം പേരാണ് കണ്ടത്.
'ഇത് അവസാനമാണ്. ഞാനും അലീനും വഴി പിരിയുന്നു. ആറു വർഷം മുമ്പാണ് നിങ്ങൾ ഞങ്ങളുടെ ബന്ധത്തെ കുറിച്ചറിഞ്ഞത്. ഞങ്ങളുടെ ഉയർച്ച-താഴ്ചയിൽ നിങ്ങളുണ്ടായിരുന്നു. ഞങ്ങൾക്കു വേണ്ടി നിങ്ങൾ ആഹ്ളാദിച്ചു. അതു കൊണ്ടു തന്നെ ഈ ബന്ധം അവസാനിക്കുന്നതും നിങ്ങളറിയണം. ഞങ്ങൾ ഒരുമിച്ചു ചെയ്ത ഏറ്റവും ദൈർഘ്യമേറിയ വീഡിയോ ആണിത്. 13 മിനിറ്റ് ദൈർഘ്യമുണ്ടിതിന്. ബന്ധങ്ങളിലുള്ളവരെ ഈ വീഡിയോ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് വൈകുന്നതിന് മുമ്പ് അവർക്ക് തെറ്റുകൾ ഒഴിവാക്കാനാകും. ഞാനും അലീനും സുഹൃത്തുക്കളായി തുടരും. ഞങ്ങൾക്ക് ദുഃഖമില്ല. കാരണം...ഹൃദയ വളർച്ച ഒരിക്കലും പാഴാകുന്നില്ല. അലീൻ, ലവ് യു' - എന്ന കുറിപ്പോടെയാണ് നുസൈർ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
നുസൈറും അലീനും
ആയിരം ദിവസം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളിലൂടെയാണ് അറബ്-ഇസ്രയേൽ വംശജനായ നുസൈർ യാസിൻ ശ്രദ്ധേയനാകുന്നത്. ഇതിന്റെ 445-ാം ദിവസാണ് അലീനുമായുള്ള ബന്ധം നുസൈർ ഫോളോവേഴ്‌സിനെ അറിയിച്ചത്. ജൂത കുടുംബത്തിൽ ജനിച്ച ഇസ്രയേലിയാണ് അലീൻ. കുടുംബങ്ങൾ ആദ്യം തങ്ങളുടെ ബന്ധം അംഗീകരിച്ചിരുന്നില്ലെന്നും പിന്നീട് അതെല്ലാം മറികടന്നെന്നും നുസൈർ പറഞ്ഞിരുന്നു.
2016 ജൂണിലാണ് ബന്ധം ആരംഭിച്ചതെന്ന് ബ്രേക്കപ്പ് വീഡിയോയിൽ ഇരുവരും പറയുന്നു. 'ആറു വർഷം അവിശ്വസനീയമായ ജീവിതം നയിച്ചു. ഒന്നിച്ച് 70 രാഷ്ട്രങ്ങൾ സന്ദർശിച്ചു. വീഡിയോകൾ നിർമിച്ചു. ഒരുപാട് പേരെ കണ്ടു. പ്രസിഡണ്ടുമാരെ കണ്ടു. പണമുണ്ടാക്കി. അമ്പത് പൂച്ചകളെ വളർത്തി. ഇന്ത്യയിലും പാപ്പുവ ന്യൂഗിനിയയിലും വ്യാജമായി കല്യാണം കഴിച്ചു. എന്നാൽ ചില വേളയിൽ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ട്.' - അവര്‍ വ്യക്തമാക്കി.

പിരിയാനുള്ള കാരണങ്ങളെ കുറിച്ച് നുസൈർ പറയുന്നതിങ്ങനെ; 'ഞാൻ എല്ലാ ഊർജ്ജവും എന്റെ വീഡിയോകൾക്കും കമ്പനിക്കും നൽകി. ഒരു ബന്ധത്തിന് ആവശ്യമുള്ളത് നൽകാൻ എനിക്കായില്ല.' താൻ നുസൈറിന്റെ മുൻഗണനയേ ആയിരുന്നില്ലെന്ന് അലീൻ പറയുന്നു. 'വീഡിയോ ആയിരുന്നു നുസൈറിന്റെ മുൻഗണന. ഞാനല്ലായിരുന്നു. ബന്ധത്തിനായി സമയം ചെലവഴിക്കാൻ നുസൈറിന് ഭയമായിരുന്നു.' - അവർ വ്യക്തമാക്കി. ഇറ്റാലിയൻ ഉദ്ധരണിയായ ക്വെ സെറാ സെറാ (എന്തായിരിക്കും, അതു തന്നെയിരിക്കും) എന്ന് പാടി ആലിംഗനം ചെയ്താണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.

