Entertainment
കറുപ്പണിഞ്ഞ് വിഘ്‌നേശ്, ഓറഞ്ചിൽ നയൻതാര; കേരളത്തിലെത്തി താരദമ്പതികൾ
Entertainment

കറുപ്പണിഞ്ഞ് വിഘ്‌നേശ്, ഓറഞ്ചിൽ നയൻതാര; കേരളത്തിലെത്തി താരദമ്പതികൾ

Web Desk
|
12 Jun 2022 1:55 PM IST

ഞായറാഴ്ച ഉച്ചയോടെയാണ് ദമ്പതികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്

കൊച്ചി: കോളിവുഡിനെ ഇളക്കി മറിച്ച വിവാഹത്തിന് പിന്നാലെ കേരളത്തിലെത്തി നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇരുവരും കേരളത്തിലെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് ദമ്പതികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുത്ത വേഷത്തിലായിരുന്നു വിഘ്‌നേഷ്. ഓറഞ്ച് ചുരിദാറിൽ നയൻതാരയും. മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഇരുവരും പുറത്തേക്കു പോയത്. തിരുവല്ലയാണ് നയൻസിന്റെ സ്വദേശം.

ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രജനീകാന്ത്, ഷാറൂഖ് ഖാൻ, സംവിധായകൻ ആറ്റ്ലി, മുഖ്യമന്ത്രി സ്റ്റാലിൻ തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു.


വിവാഹശേഷം ദമ്പതികൾ തിരുപ്പതിയിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. 2015 നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേശ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേശിന്റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.

മലയാളിയായ ഡയാന കുര്യൻ എന്ന നയൻതാര സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനീകാന്തിന്റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്.



തമിഴിലെയും തെലുങ്കിലെയും മുൻനിര നായകൻമാരുടെയെല്ലാം നായികയാകാൻ നയൻസിന് സാധിച്ചു. ഗ്ലാമറസ് റോളുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എന്ന വിമർശനം ഉണ്ടായെങ്കിലും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തന്റെ താരപദവി നയൻസ് തിരിച്ചുപിടിച്ചു. അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡാണ് നയൻസിന്റെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന മലയാള ചിത്രം.

Similar Posts