< Back
Entertainment
അല്ല..അങ്ങനെയല്ല; വിക്കി-നയന്‍സ് വിവാഹം ഉടന്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്
Entertainment

അല്ല..അങ്ങനെയല്ല; വിക്കി-നയന്‍സ് വിവാഹം ഉടന്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്

Web Desk
|
21 July 2022 1:35 PM IST

സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്‍മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നുമുള്ള റിപ്പോർട്ട് വാസ്തവമല്ലെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു

ചെന്നൈ: താരദമ്പതികളായ നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും പിന്‍മാറിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നെറ്റ്ഫ്ലിക്സ്. വിവാഹം ഉടന്‍ സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം. സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്‍മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നുമുള്ള റിപ്പോർട്ട് വാസ്തവമല്ലെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു.

''തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്‍റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്‌പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അതൊരു ഫെയറി ടെയിൽ പോലെ മനോഹരമായിരിക്കും'' ടാന്യ ബാമി വ്യക്തമാക്കുന്നു.

വിവാഹത്തിന്‍റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിന് 25 കോടി രൂപയ്ക്കാണ് നല്‍കിയത്. മുംബൈയിലെ ശാദി സ്‌ക്വാഡ് ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പായിരുന്നു വിവാഹ വേദിയും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയത്. സദ്യ ഉള്‍പ്പെടെ വിവാഹത്തിന്‍റെ ചെലവുകളെല്ലാം വഹിച്ചത് നെറ്റ്ഫ്ലിക്സായിരുന്നു. വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് നെറ്റ്ഫ്ലിക്സ് പിന്‍വാങ്ങാന്‍ കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ജൂണ്‍ 9ന് മഹാബലിപുരത്ത് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിക്കി-നയന്‍സ് വിവാഹം. രജനീകാന്ത്, ഷാരൂഖ് ഖാന്‍, എ.ആര്‍ റഹ്മാന്‍, സൂര്യ, ജ്യോതിക,കാര്‍ത്തി,ശിവകാര്‍ത്തികേയന്‍ തുടങ്ങി വന്‍താരനിര തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കിയ ഡോക്യുമെന്‍ററിയായിരിക്കും നെറ്റ്ഫ്ലിക്സ് പുറത്തുവിടുക.

Similar Posts