< Back
Entertainment
വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി; പ്രകമ്പനം സിനിമയിലെ നവാസിന്‍റെ അഭിനയത്തെക്കുറിച്ച് നിയാസ് ബക്കര്‍
Entertainment

'വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി'; പ്രകമ്പനം സിനിമയിലെ നവാസിന്‍റെ അഭിനയത്തെക്കുറിച്ച് നിയാസ് ബക്കര്‍

Web Desk
|
2 Feb 2026 12:31 PM IST

സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്

കൊച്ചി: അകാലത്തിൽ വിടപറഞ്ഞ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ നവാസിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്നും സിനിമയിലെ നവാസിന്‍റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തനിക്ക് തോന്നിയെന്നും നടനും സഹോദരനുമായ നിയാസ് ബക്കര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ ( actor അബൂബക്കർ late ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും കൊള്ളാം... എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം.

എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്‍റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്.

ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിത യാഥാർഥ്യങ്ങളെ ഞാൻ ഉൾക്കൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്‍റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ എന്‍റര്‍ടെയ്‍ന്‍മെന്‍റ് മൂവിയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്‍റെ അനുജന് ഈ ഹിറ്റ്‌ സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, എല്ലാം ടീമംഗങ്ങൾക്കും എന്‍റെ നിറഞ്ഞ സ്നേഹം പ്രാർഥന.

Similar Posts