< Back
Entertainment
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 2 വര്‍ഷമായിട്ടും നടപടിയില്ല; റിപ്പോര്‍ട്ട് പുറത്തുവിടാത്തത് പ്രമുഖരുടെ പേരുള്ളതിനാലെന്ന് ആക്ഷേപം
Entertainment

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 2 വര്‍ഷമായിട്ടും നടപടിയില്ല; റിപ്പോര്‍ട്ട് പുറത്തുവിടാത്തത് പ്രമുഖരുടെ പേരുള്ളതിനാലെന്ന് ആക്ഷേപം

Web Desk
|
3 Jan 2022 2:08 PM IST

പ്രമുഖരുടെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സിനിമാ മേഖലയിലെ പ്രവര്‍ത്തനം താളംതെറ്റും എന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് ആരോപണം

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും നടപടി ഒന്നുമില്ല. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പ്രമുഖരുടെ അടക്കം പേരുള്ളതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നാണ് ആക്ഷേപം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് 2018 മേയ് മാസത്തില്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഇത്രയധികം പദ്ധതികള്‍ ആവിഷ്കരിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നു

രണ്ട് തവണ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും കാര്യമായ മറുപടി ഒന്നും ഉണ്ടായില്ല. പ്രമുഖരുടെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സിനിമാ മേഖലയിലെ പ്രവര്‍ത്തനം താളംതെറ്റും എന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് ആരോപണം. ഇനിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ നിയമപരമായി നീങ്ങാനാണ് സാമൂഹ്യപ്രവര്‍ത്തകരുടെ നീക്കം.

Related Tags :
Similar Posts