< Back
Entertainment
ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല, താരത്തിന്റെ ആരാധകർ സൈബറാക്രമണം നടത്തുന്നു: ലിസ്റ്റിൻ സ്റ്റീഫൻ
Entertainment

ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല, താരത്തിന്റെ ആരാധകർ സൈബറാക്രമണം നടത്തുന്നു: ലിസ്റ്റിൻ സ്റ്റീഫൻ

Web Desk
|
5 May 2025 12:47 PM IST

ലിസ്റ്റിന്റെ ആരോപണങ്ങൾ നടൻ നിവിൻ പോളിക്ക് എതിരെയാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണങ്ങൾ വ്യാപകമാണ്

കൊച്ചി: ഒരു നടന്റെയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു താരത്തിന് എതിരെയും ഇതുവരെ സംസാരിച്ചിട്ടില്ല. താരത്തിനെതിരെ പറയാത്തത് അതിന് ശേഷമുള്ളത് താങ്ങാനുള്ള ശക്തി ഒരു പ്രോഡ്യൂസർക്ക് ഇല്ല എന്നതുകൊണ്ടാണ്. എന്തെങ്കിലും പറഞ്ഞാൽ താരത്തിന്റെ ആർമി ആക്രമിക്കുകയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു. ലിസ്റ്റിന്റെ ആരോപണങ്ങൾ നടൻ നിവിൻ പോളിക്ക് എതിരെയാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണങ്ങൾ വ്യാപകമാണ്.

"താരങ്ങളെ വലിയ സ്റ്റാർ ആക്കാൻ മുൻ കൈ എടുത്തത് പ്രൊഡ്യൂസർമാരാണ്. എന്തെങ്കിലും പറഞ്ഞാൽ താരത്തിന്റെ ആർമി ആക്രമിക്കുകയാണ്. ഞാൻ ആയിട്ട് ഒരു താരത്തിന്റെയും പേര് പറഞ്ഞില്ല. എന്തൊക്കെ സൈബർ അക്രമങ്ങളാണ് എനിക്ക് എതിരെ നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്നം വലിയ വേദന ഉണ്ടാക്കി. ഒരു താരം സെറ്റിൽ വരാതിരിക്കുമ്പോൾ ബാക്കിയുള്ളവരുടെ ഡേറ്റ് പ്രശ്നമാകും. സാമ്പത്തിക നഷ്ടം ഉണ്ടായികൊണ്ട് ഇരിക്കുകയാണ്. പറയേണ്ട സമയത്ത് പറയുക തന്നെ ചെയ്യും. തുറന്ന് പറഞ്ഞതുകൊണ്ട് സിനിമ എടുക്കാൻ പറ്റിയില്ലെങ്കിൽ വേണ്ടന്ന് വെയ്ക്കും," ലിസ്റ്റിൻ വ്യക്തമാക്കി.

നിർമാതാവ് സാന്ദ്രാ തോമസിനും ലിസ്റ്റിൻ മറുപടി നൽകി. സാന്ദ്ര പറയുന്നതിന്റെ പിന്നിലെ കാര്യം ഇതുവരെ പൂർണമായും മനസിലായിട്ടില്ല. പലിശക്ക് പൈസ എടുത്ത് തന്നെയാണ് ചെയ്യുന്നത്. അതൊന്നും മറച്ചു വെച്ചല്ല ചെയ്യുന്നത്. ഒറ്റികൊടുത്തത് എന്താണെന്ന് മനസിലായില്ല. എന്തിന് വേണ്ടി ഒറ്റികൊടുത്തു എന്ന് കൃത്യമായി പറയണം എന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ലിസ്റ്റിൻ മലയാളത്തിലെ ഒരു താരത്തിന് നേരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു. പിന്നാലെ മലയാളത്തിലെ എല്ലാ നടന്മാരെയും സംശയത്തിന്റെ നിഴലിൽ നിർത്തിയെന്നും ലിസ്റ്റിനെ പുറത്താക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.

Similar Posts