< Back
Entertainment
കേന്ദ്രത്തെ വിമർശിക്കുന്ന സിനിമ ഞാൻ ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ, അച്ഛന് അതിൽ പ്രശ്‌നമില്ല: ഗോകുൽ സുരേഷ്
Entertainment

കേന്ദ്രത്തെ വിമർശിക്കുന്ന സിനിമ ഞാൻ ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ, അച്ഛന് അതിൽ പ്രശ്‌നമില്ല: ഗോകുൽ സുരേഷ്

Web Desk
|
6 Aug 2022 8:28 PM IST

അച്ഛൻ അധികം തന്റെ സിനിമകളിൽ ഇടപെടാറില്ലെന്നും ഗോകുൽ

കേന്ദ്രത്തെ വിമർശിക്കുന്ന സിനിമ താൻ ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കില്ലെന്നും അത്തരം സിനമകളിൽ അഭിനയിക്കുന്നതിൽ പിതാവ് സുരേഷ് ഗോപിക്ക് പ്രശ്‌നമില്ലെന്നും നടൻ ഗോകുൽ സുരേഷ്. സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിൽ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന എലമെന്റ് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. സായാഹ്ന വാർത്തകൾ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റ പരാമർശം.

'ഈ സിനിമയിൽ ഇപ്പോൾ കേന്ദ്രത്തിനെയാണ് വിമർശിക്കുന്നത് എന്നുണ്ടെങ്കിൽ, ഇപ്പോൾ കേന്ദ്രം ആരാണെന്ന് അറിയാമല്ലോ. ഞാൻ അത് ചെയ്യുമെന്ന് വിചാരിക്കില്ലല്ലോ ആരും. സാധരണ നമുക്ക് ഫേവറബിളായവരെ പിന്തുണയ്ക്കുക എന്ന ഒരു മനോഭാവമാണല്ലോ ഉള്ളത്. പക്ഷെ ആ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന ഒരു പ്രവണത എനിക്ക് സംവിധായകനിൽ ഒരുപാട് ഇഷ്ടപ്പെട്ടു', ഗോകുൽ സുരേഷ് പറഞ്ഞു.

അച്ഛൻ അധികം തന്റെ സിനിമകളിൽ ഇടപെടാറില്ലെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ''ചെയ്യുന്ന കാര്യത്തിൽ നേര് ഉണ്ടെങ്കിൽ പിന്തുണയ്ക്കുന്ന ആൾ തന്നെയാണ് അച്ഛൻ. ഇപ്പോൾ അച്ഛന്റെ പാർട്ടിയെ വിമർശിച്ചു എന്ന് കരുതി, നീ എന്താ അങ്ങനെ ചെയ്തെ എന്ന ചോദ്യമോ. അല്ലെങ്കിൽ അങ്ങനെത്തെ ഒരു ഭാവമോ വീട്ടിൽ നിന്ന് വരില്ല. അത് എനിക്കറിയാം''- ഗോകുൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മലബാർ കലാപ നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി പറഞ്ഞു. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ വാരിയംകുന്നനിലേക്ക് പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വാരിയൻകുന്നനിൽ നിന്നും സംവിധായകൻ ആഷിഖ് അബു നേരത്തെ പിന്മാറിയിരുന്നു. ഇതിനു പിന്നാലെ നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി ചിത്രം നിർമ്മിക്കാനൊരുങ്ങുന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. വാരിയൻകുന്നന്റേത് നല്ല കഥായാണെന്നും സിനിമ ചെയ്യാൻ ആഗ്രഹുമുണ്ടെന്നും മെഹ്ഫൂസ് വ്യക്തമാക്കി.


Similar Posts