< Back
Entertainment
ഒമര്‍ ശരീഫായി കോളേജില്‍ ചെത്തിനടന്ന മുഹമ്മദ് കുട്ടിയെ ഒറ്റവിളി കൊണ്ടു മമ്മൂട്ടിയാക്കിയ സീനിയര്‍ വിദ്യാര്‍ഥി
Entertainment

ഒമര്‍ ശരീഫായി കോളേജില്‍ ചെത്തിനടന്ന മുഹമ്മദ് കുട്ടിയെ ഒറ്റവിളി കൊണ്ടു മമ്മൂട്ടിയാക്കിയ സീനിയര്‍ വിദ്യാര്‍ഥി

Web Desk
|
6 Oct 2021 12:09 PM IST

യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണെങ്കിലും ഒമര്‍ ശരീഫ്, സജിന്‍ എന്നിങ്ങനെ പല പേരുകളിലാണ് മമ്മൂട്ടി കാമ്പസില്‍ അറിയപ്പെട്ടിരുന്നത്

മമ്മൂട്ടിയുടെ വീട് വൈക്കത്തെ ചെമ്പ് എന്ന സ്ഥലത്താണെന്നും യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണെന്നും അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. സിനിമ പോലെ അദ്ദേഹത്തിന്‍റെ ജീവിതവും കാണാപ്പാഠമാണ് മലയാളിക്ക്.

യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണെങ്കിലും ഒമര്‍ ശരീഫ്, സജിന്‍ എന്നിങ്ങനെ പല പേരുകളിലാണ് മമ്മൂട്ടി കാമ്പസില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഒരു സീനിയര്‍ വിദ്യാര്‍ഥി വിളിച്ച മമ്മൂട്ടി എന്ന പേരാണ് പിന്നീട് ഹിറ്റായതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മള്‍ കാണുന്നതിന് മുന്‍പേയുള്ള മമ്മൂട്ടിയെ ആ പേരു ചൊല്ലി വിളിച്ചത് കുണ്ടന്നൂർ കുറ്റിച്ചാലിൽ വീട്ടിൽ പരേതനായ കെ.എ. ശശിധരനാണ്. ശശിധരന്‍ തമാശക്ക് വിളിച്ച പേരിനെ പിന്നീട് മലയാളക്കര മുഴുവനും ഏറ്റെടുക്കുകയായിരുന്നു.



മുഹമ്മദ് കുട്ടിയെന്ന പഴഞ്ചൻ പേര് പുറത്തറിയിക്കാതെ ഒമർ ശരീഫായി നടക്കുകയായിരുന്നു മമ്മൂട്ടി അന്ന്. അതിനിടയിലാണ് മമ്മൂട്ടിയുടെ തിരിച്ചറിയൽ കാർഡ് കയ്യിൽ നിന്ന് താഴെ വീഴുന്നതും സീനിയർ വിദ്യാർഥിയായ ശശിധരന്‍റെ കൈയിൽ കിട്ടുന്നതും. കാർഡിൽ യഥാർഥ പേരു കണ്ട ശശിധരൻ ഉറക്കെ ഡാ നിന്‍റെ പേര് മമ്മൂട്ടിയെന്നാണല്ലേ എന്നു വിളിച്ചു ചോദിച്ചു. പിന്നീട് ആ പേരാണ് ക്ലിക്കായത്.

സിനിമയിലെത്തിയപ്പോൾ സജിൻ എന്ന പേരും ഉപയോഗിച്ചെങ്കിലും മമ്മൂട്ടി എന്ന പേരാണ് ഭാഗ്യം കൊണ്ടുവന്നത്. അന്നത്തെ സംഭവം ശശിധരൻ ഭാര്യ കനകത്തോടും മക്കളോടുമെല്ലാം പല വട്ടം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് 1993-ൽ ദൂരദർശൻ നിർമിച്ച 'നക്ഷത്രങ്ങളുടെ രാജകുമാരൻ' എന്ന ഡോക്യുമെന്‍ററിയില്‍ ഇക്കാര്യം മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയപ്പോഴാണ്‌ വിശ്വാസമായതെന്നു കുടുംബം പറയുന്നു. മിൽമ ജീവനക്കാരനായിരുന്ന ശശിധരൻ 2006ലാണ് മരിച്ചത്. മമ്മൂട്ടിയെ വീണ്ടും കാണണമെന്ന ആഗ്രഹം സഫലമാകാതെയാണ് ശശിധരന്‍ മരിച്ചതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

Similar Posts