< Back
Entertainment
ഒരു ജാതി പിളേളരിഷ്ടാ കൂടുതൽ പ്രദർശനങ്ങളുമായി ജനങ്ങളിലേക്ക്
Entertainment

ഒരു ജാതി പിളേളരിഷ്ടാ കൂടുതൽ പ്രദർശനങ്ങളുമായി ജനങ്ങളിലേക്ക്

Web Desk
|
9 Feb 2025 4:24 PM IST

പത്താംക്ലാസ് പാസ്സാകുന്ന വിദ്യാർഥികളുടെ കഥയിലൂടെ സാമ്പത്തിക സംവരണത്തിന്റെ അപകടങ്ങളെക്കുറിച്ച് എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുളളത്

സവർണ സംവരണത്തെ വിമർശനാത്മകമായി സമീപിക്കുന്ന പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ഒരു ജാതി പിളേളരിഷ്ടാ എന്ന ചിത്രം കൂടുതൽ പ്രദർശനങ്ങളുമായി ജനങ്ങളിലേക്ക്. വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നി ജില്ലകളിലായി ഫെബ്രുവരിയിൽ എട്ട് പ്രദർശനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തൃശൂരിലും എറണാകുളത്തും കോഴിക്കോടുമെല്ലാം നേരത്തെ പ്രദർശനം നടന്നിരുന്നു. കൊടുങ്ങല്ലൂർ അടക്കം തൃശൂരിൽ പലയിടങ്ങളിലായി നടത്തിയ എട്ട് പ്രദർശനങ്ങളും നിറഞ്ഞ സദസ്സിലായിരുന്നു.

പത്താംക്ലാസ് പാസ്സാകുന്ന വിദ്യാർഥികളുടെ കഥയിലൂടെയാണ് സാമ്പത്തിക സംവരണത്തെക്കുറിച്ച് ചിത്രം പറയുന്നത്. സാമ്പത്തിക സംവരണത്തിന്റെ അപകടവും പ്രശ്‌നങ്ങളും എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പത്ര-ചാനൽ വാർത്തകളുടെയും ടെലിവിഷൻ പ്രസന്റേഷനുകളുടെയും സഹായത്തോടെയുമാണ് സിനിമയിൽ ഒരുക്കിയിട്ടുളളത്. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാമസ്ജിദിൽ നിന്നും പ്രഥമ ഫണ്ട് സ്വീകരിച്ച് ശ്രീനാരായണഗുരുവിന്റെ മഹാസമാധിയിൽ ശിവഗിരി മഠം അദ്ധ്യക്ഷൻ സച്ചിദാനന്ദ സ്വാമി സ്വിച്ച്ഓൺ ചെയ്തായിരുന്നു നേരത്തെ ചിത്രത്തിന് തുടക്കമിട്ടതും.

സഹോദരൻ അയ്യപ്പൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ജനകീയ ഫണ്ടിലൂടെ പുറത്തിറക്കിയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാനു ബാലചന്ദ്രനാണ്. ചിത്രത്തിന്റെ കഥ ആബിദ് അടിവാരത്തിന്റേതാണ്. ഛായാഗ്രഹണം നിധിൻ കെ രാജ്, എഡിറ്റിങ് സാഗർദാസ്, സംഗീതം ഹരിമുരളി, കലാസംവിധാനം മിഥുൻ ചാലിശ്ശേരി.

ഒരുജാതി പിളേളരിഷ്ടാ പ്രദർശിപ്പിക്കുന്ന സ്ഥലവും സമയവും ചുവടെ:

ഫെബ്രുവരി 12,10 AM : WMO ആർട്സ് ആൻഡ് സയൻസ് കോളേജ്, മുട്ടിൽ, വയനാട്

ഫെബ്രുവരി 13, 4:30 PM: പ്രിവ്യൂ ഹാൾ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി

ഫെബ്രുവരി 16, 10 AM: ഡയറക്‌ടേഴ്‌സ് ഷോ - പൊന്നാനി

ഫെബ്രുവരി 17, 2:30 PM: NAM കോളേജ്, കല്ലിക്കണ്ടി, തലശ്ശേരി

ഫെബ്രുവരി 18, 1:30 AM: അമൽ കോളേജ്, നിലമ്പൂർ

ഫെബ്രുവരി 21, 10 AM: SAFI ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി, വാഴയൂർ

ഫെബ്രുവരി 22, 11:30 AM: MAMO കോളേജ്, മണാശ്ശേരി, മുക്കം

ഫെബ്രുവരി 26 - ഡയറക്ടർ ഷോ - തിരുവനന്തപുരം




Similar Posts