< Back
Entertainment
ചാക്കോച്ചാ പൊളിച്ചൂടാ മോനെ..; കുഞ്ചാക്കോ ബോബന് കയ്യടിച്ച് ദേവദൂതരുടെ സംഗീത സംവിധായകന്‍
Entertainment

ചാക്കോച്ചാ പൊളിച്ചൂടാ മോനെ..; കുഞ്ചാക്കോ ബോബന് കയ്യടിച്ച് ദേവദൂതരുടെ സംഗീത സംവിധായകന്‍

Web Desk
|
26 July 2022 1:44 PM IST

മമ്മൂട്ടിയും സരിതയും നായികാനായകന്‍മാരായി അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ടാണ് ഗാനരംഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്

റിലീസ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം. ഗാനത്തെക്കാള്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍റെ ഡാന്‍സാണ് രംഗത്തിന്‍റെ ഹൈലൈറ്റ്. മമ്മൂട്ടിയും സരിതയും നായികാനായകന്‍മാരായി അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ടാണ് ഗാനരംഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനു രസകരമായി ചുവടുവയ്ക്കുന്ന ചാക്കോച്ചനെയാണ് കാണുക.

സിനിമയില്‍ ഒരു ഗാനമേളയില്‍ പാട്ടുപാടുന്ന രീതിയിലാണ് ദേവദൂതര്‍‌ എന്ന ഹിറ്റ് പാട്ട് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണമിട്ടിരിക്കുന്നത്. ഇപ്പോൾ കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.

"ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ.ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്‍റണി, ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി.' ഔസേപ്പച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ്‌ കൊട്‌'. ജാക്സൺ അർജ്ജുവയാണ് ഈ ഗാനം പുനർ നിർമ്മാണം നടത്തിയിരിക്കുന്നത്. ബിജു നാരായണൻ ആണ് ​ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്‍റ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

എസ്.ടി.കെ. ഫ്രെയിംസിന്‍റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്‍റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്ത് 12 ന് തിയറ്ററുകളിലെത്തും.

Similar Posts