< Back
Entertainment
Pathaan

പഠാനില്‍ ഷാരൂഖ് ഖാന്‍

Entertainment

ബോക്സോഫീസില്‍ തീക്കാറ്റായി പഠാന്‍; 9 ദിവസം കൊണ്ട് തൂത്തുവാരിയത് 700 കോടി

Web Desk
|
3 Feb 2023 1:21 PM IST

ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ പഠാന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്

മുംബൈ: വിവാദങ്ങളൊന്നും പഠാന്‍റെ ഏഴയലത്തു പോലും എത്തിയില്ല. ബോക്സോഫീസില്‍ പടയോട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം. 700 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കലക്ഷന്‍.വെറും 9 ദിവസം കൊണ്ടാണ് ചിത്രം കോടികള്‍ വാരിക്കൂട്ടിയത്.


ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ പഠാന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ''9 ദിവസം കൊണ്ട് പഠാന്‍ ആഗോള ബോക്സോഫീസില്‍ 700 കോടി കടന്നു. വൈആർഎഫ് സ്പൈ യൂണിവേഴ്സ്, ടൈഗർ സിന്ദാ ഹേ, വാർ,ഏക്താ ടൈഗര്‍ എന്നീ ചിത്രങ്ങളെ പഠാന്‍ ഇതിനോടകം മറികടന്നു'' രമേശ് ബാല ട്വീറ്റ് ചെയ്തു. ശനിയാഴ്ചയോടെ ദംഗലിന്‍റെ(702 കോടി) ആഗോള കലക്ഷന്‍ പഠാന്‍ മറികടക്കുമെന്ന് Boxofficeindia.com റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലി - ദി കൺക്ലൂഷൻ (ഹിന്ദി) ആണ് നിലവില്‍ ആഗോള കലക്ഷനില്‍ മുന്നില്‍. 801 കോടിയാണ് ബാഹുബലിയുടെ കലക്ഷന്‍. രണ്ടാം വാരത്തിന്‍റെ അവസാനത്തോടെ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായി പഠാന്‍ മാറുമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.



യുഎഇയിലെ നോവോ സിനിമാസിൽ പഠാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രമാണെന്നും അവതാർ ദി വേ ഓഫ് വാട്ടർ നാലാം സ്ഥാനത്താണെന്നും രമേഷ് ബാല കുറിച്ചു. ഇന്ത്യയിൽ റിലീസ് ചെയ്ത് എട്ട് ദിവസം കൊണ്ട് 336 കോടി രൂപയാണ് പഠാന്‍ നേടിയത്.തമിഴിലും തെലുങ്കിലുമായി 12.50 കോടി കലക്ഷൻ നേടി.



സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം. ദീപിക പദുക്കോണാണ് നായിക. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്‍റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.


Similar Posts