< Back
Entertainment
നാദിർഷായെ വിടില്ല, കേരളം മുഴുവന്‍ ഞാനിറങ്ങും; ഈശോ സിനിമക്കെതിരെ പിസി ജോര്‍ജ്
Entertainment

'നാദിർഷായെ വിടില്ല, കേരളം മുഴുവന്‍ ഞാനിറങ്ങും'; ഈശോ സിനിമക്കെതിരെ പിസി ജോര്‍ജ്

Web Desk
|
5 Aug 2021 7:12 PM IST

വിവാദമായതോടെ സിനിമയുടെ പേര് മാറ്റുമെന്ന് നാദിര്‍ഷാ തന്നോട് പറഞ്ഞതായി സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു

നാദിര്‍ഷായുടെ പുതിയ ചിത്രം 'ഈശോ'ക്കെതിരെ പിസി ജോര്‍ജ്. 'ഈശോ' എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷാ വിചാരിക്കേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. താനിപ്പോള്‍ സിനിമകള്‍ കണ്ടുതുടങ്ങിയെന്നും നാദിര്‍ഷായെയും കൂട്ടരേയും താന്‍ വെറുതെ വിടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജിന്‍റെ പ്രതികരണം.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ ഒരുക്കുന്ന ചിത്രമാണ് ഇശോ. ചിത്രത്തിന്‍റെ പേരിനെതിരെയും ടാഗ്‌ലൈനിനെതിരെയും ചില ക്രിസ്തീയ സംഘടകള്‍ രംഗത്ത് വ്ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിന്‍റെ പേരിനൊപ്പമുള്ള നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കി. സിനിമയുടെ പേര് മാറ്റുമെന്ന് നാദിര്‍ഷാ തന്നോട് പറഞ്ഞതായി സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.

പി.സി ജോര്‍ജിന്‍റെ വാക്കുകള്‍:

ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്‍റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍ വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. ഇത് അനീതിയാണ്.

നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്‍ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എംഎല്‍എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ.

നാദിര്‍ഷായെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും.

Related Tags :
Similar Posts