< Back
Entertainment
പൂനം പാണ്ഡെയുടെ മരണം; സ്ഥിരീകരിക്കാതെ കുടുംബം, ബന്ധുക്കളെ ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോർട്ട്
Entertainment

പൂനം പാണ്ഡെയുടെ മരണം; സ്ഥിരീകരിക്കാതെ കുടുംബം, ബന്ധുക്കളെ ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോർട്ട്

Web Desk
|
2 Feb 2024 7:30 PM IST

മരണവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നടിയുടെ ടീമായിരുന്നു. ബന്ധുക്കളെ ബന്ധപ്പെടാനാകാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്.

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത താരത്തിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്. പൂനം സെർവിക്കൽ ക്യാൻസര്‍ ബാധിതയായിരുന്നുവെന്നാണ് മാനേജര്‍ പരുള്‍ ചാവ്‍ല പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. എന്നാൽ, പൂനത്തിന്റെ കുടുംബത്തിൽ നിന്ന് യാതൊരു വിവരം ലഭ്യമായിട്ടില്ലെന്നും കുടുംബാംഗങ്ങളെ ആരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നടിയുടെ മരണവിവരം വിളിച്ചറിയിച്ചത് സഹോദരിയാണെന്നും എന്നാൽ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റിട്ടതിനു പിന്നാലെ മറ്റ് വിവരങ്ങൾക്കായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നുമാണ് റിപ്പോർട്ട്. പൂനത്തിന്റെ സഹോദരിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും മറ്റ് കുടുംബാംഗങ്ങളെ ആരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂനത്തിന്റെ ടീമംഗങ്ങളെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.

പൂനത്തിന്റെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അവരുടെ ടീം മറ്റൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പൂനത്തിന്റെ മരണവിവരം ആദ്യം വിളിച്ചറിയിച്ചത് അവരുടെ സഹോദരിയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് ടീമിന്റെ പ്രസ്താവന.

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് പൂനം പാണ്ഡെ. 2013-ൽ പുറത്തിറങ്ങിയ നഷാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് പൂനത്തിന്റെ തുടക്കം. കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2018ൽ റിലീസ് ചെയ്ത ദ ജേർണി ഓഫ് കര്‍മയാണ് അവസാന സിനിമ.

നിരന്തരം വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നയാളാണ് പൂനം. 2020 സെപ്റ്റംബറിലായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. വൈകാതെ, ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു. പിന്നീട് 2021ലാണ് ഇരുവരും വിവാഹമോചിതരായത്.

Related Tags :
Similar Posts