< Back
Entertainment
പെരുന്നാള്‍ കാശ് തരാനുണ്ട്, അത് വാങ്ങിക്കാന്‍ വന്നതാ; ഇരട്ടിപവറില്‍ ബാബു ആന്‍റണി, പവര്‍ സ്റ്റാര്‍ ട്രെയിലര്‍
Entertainment

'പെരുന്നാള്‍ കാശ് തരാനുണ്ട്, അത് വാങ്ങിക്കാന്‍ വന്നതാ'; ഇരട്ടിപവറില്‍ ബാബു ആന്‍റണി, പവര്‍ സ്റ്റാര്‍ ട്രെയിലര്‍

ijas
|
8 July 2022 8:24 PM IST

സംവിധായകനായ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്

ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പവർ സ്റ്റാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പവര്‍ പാക്കായി ഒരുക്കിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ബാബു ആന്‍റണിയുടെ വിന്‍റേജ് ആക്ഷനെ തിരികെ തരുന്നതാണ്. ഫാന്‍ മേഡ് ട്രെയിലര്‍ എഡിറ്റിലൂടെ ശ്രദ്ധ നേടിയ ലിന്‍റോ കൂര്യനാണ് പവര്‍ സ്റ്റാറിന്‍റെ ട്രെയിലറും കട്ട് ചെയ്തിട്ടുള്ളത്. റോയൽ സിനിമാസിന്‍റെ ബാനറിൽ സി.എച്ച് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന് അന്തരിച്ച ഡെന്നീസ് ജോസഫാണ് തിരക്കഥ ഒരുക്കിയത്. ഡെന്നീസ് ജോസഫിന്‍റെ തൂലികയില്‍ എഴുതിയ അവസാന ചിത്രമാണ് പവര്‍ സ്റ്റാര്‍.

സംവിധായകനായ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകനെന്ന നിലയിൽ ഉള്ള ഒമർ ലുലുവിന്‍റെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ. സിനു സിദ്ധാർത്ഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായ ജോൺ കുട്ടി ആണ് എഡിറ്റർ.

ബാബു ആന്‍റണി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍. 2020ന്‍റെ ആദ്യ പകുതിയിലാണ് പവര്‍ സ്റ്റാര്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ 'നല്ല സമയം' എന്ന ഒമര്‍ ലുലു സിനിമയുടെ ചിത്രീകരണവും പവര്‍ സ്റ്റാര്‍ ചിത്രീകരണം വൈകാന്‍ കാരണമായി. ലഹരിമരുന്നു മാഫിയയ്ക്കെതിരെയുള്ള നായകന്‍റെ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. റിയാസ് ഖാന്‍, അബു സലിം, ഷാലു റഹീം, അമീർ നിയാസ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പവര്‍ സ്റ്റാറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Similar Posts