< Back
Entertainment
Prabhas statue in Mysore

മൈസൂര്‍ മ്യൂസിയത്തില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ പ്രതിമ

Entertainment

മൈസൂര്‍ മ്യൂസിയത്തില്‍ ബാഹുബലിയുടെ മെഴുക് പ്രതിമ; രാംചരണിനെപ്പോലുണ്ടെന്ന് ആരാധകര്‍, വിവാദം

Web Desk
|
26 Sept 2023 11:52 AM IST

മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ബാഹുബലി നിർമാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തു

മൈസൂര്‍: ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ 'മെഴുക് പ്രതിമയായ' ആദ്യത്തെ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. 2017ല്‍ സ്ഥാപിച്ച പ്രതിമ വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ മറ്റൊരു പ്രതിമയാണ് ചര്‍ച്ചയാകുന്നത്. ഈയിടെ കര്‍ണാടകയിലെ മൈസൂരില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ മെഴുകു പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്.ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി സിനിമയുടെ നിര്‍മാതാക്കള്‍.

മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ബാഹുബലി നിർമാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തു.'' ഞങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഞങ്ങൾ സ്വീകരിക്കും." അദ്ദേഹം എക്സില്‍ കുറിച്ചു. ഒപ്പം പ്രതിമയുടെ ചിത്രവും ആരാധകരുടെ ഫാന്‍ പേജില്‍ ഷോബു പങ്കുവച്ചിട്ടുണ്ട്.

പ്രതിമ വച്ചവര്‍ പ്രഭാസിനോട് നീതി പാലിച്ചില്ലെന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ബാഹുബലിയുടെ കോസ്റ്റ്യൂമിലുള്ളതാണെങ്കിലും പ്രഭാസുമായി വിദൂരസാമ്യം പോലുമില്ലാത്തതാണ് പ്രതിമയെന്നാണ് കണ്ടെത്തല്‍. നടന്‍ രാംചരണിനെപ്പോലുണ്ടെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ബാഹുബലിയിലെ ഏതോ ഭടനാണെന്നാണ് പ്രതിമ കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് മറ്റൊരു യൂസര്‍ കുറിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെപ്പോലുണ്ടെന്നായിരുന്നു ഒരാളുടെ കമന്‍റ്. “അതാണ് കർണാടക. തെലുങ്ക് നടന്റെ പ്രതിമ കർണാടകയിൽ സ്ഥാപിച്ചതിൽ സന്തോഷമുണ്ട്. അനുമതി ആവശ്യമില്ല. അവരുടെ സ്നേഹത്തിൽ സന്തോഷിക്കൂ." എന്നായിരുന്നു ഒരു ആരാധകന്‍ പ്രതികരിച്ചത്.

Related Tags :
Similar Posts