< Back
Entertainment
Prabhas

പ്രഭാസ്

Entertainment

പ്രഭാസ് വിവാഹിതനാകുന്നു; വിവാഹം ഉടനെന്ന സൂചനകള്‍ നല്‍കി കുടുംബം

Web Desk
|
19 Oct 2023 11:38 AM IST

പ്രഭാസിന്‍റെ പിതൃസഹോദരിയും അന്തരിച്ച നടന്‍ കൃഷ്ണം രാജുവിന്‍റെ ഭാര്യയുമായ ശ്യാമള ദേവിയാണ് താരത്തിന്‍റെ ബാച്ചിലര്‍ ലൈഫ് അവസാനിക്കാന്‍ പോവുകയാണെന്ന് പറഞ്ഞത്

ഹൈദാരാബാദ്: ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം നടന്‍റെതായി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നെങ്കിലും ആരാധകരുടെ ഇഷ്ടതാരമാണ് പ്രഭാസ്. താരത്തിന്‍റെ കരിയര്‍ മാത്രമല്ല ,വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രഭാസിന്‍റെ വിവാഹം എന്നുണ്ടാകും എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അവസാനം ഉത്തരം നല്‍കിയിരിക്കുകയാണ് കുടുംബം.

പ്രഭാസിന്‍റെ പിതൃസഹോദരിയും അന്തരിച്ച നടന്‍ കൃഷ്ണം രാജുവിന്‍റെ ഭാര്യയുമായ ശ്യാമള ദേവിയാണ് താരത്തിന്‍റെ ബാച്ചിലര്‍ ലൈഫ് അവസാനിക്കാന്‍ പോവുകയാണെന്നും ഉടന്‍ വിവാഹിതനാകുമെന്നും പറഞ്ഞത്. തന്‍റെ ഭര്‍ത്താവിന്‍റെയും ദുര്‍ഗാ ദേവിയുടെയും അനുഗ്രഹം പ്രഭാസിനൊപ്പം ഉണ്ടെന്ന് ശ്യാമള ദേവി പറയുന്നു. പിന്നീട്, പ്രഭാസ് ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്നും മാധ്യമങ്ങളെയും അവിടേക്ക് ക്ഷണിക്കുമെന്നും അവർ ഉറപ്പുനൽകി. എന്നാൽ വധുവിനെക്കുറിച്ചോ വിവാഹ തിയതിയെക്കുറിച്ചോ വെളിപ്പെടുത്തിയില്ല. സലാർ സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ പുറത്തിറങ്ങിയതിനു ശേഷം പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന തരത്തതില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇരുവര്‍ക്കും വിവാഹിതരായിക്കൂടെ എന്ന് പലവട്ടം ആരാധകരും മാധ്യമപ്രവര്‍ത്തകരും ചോദിച്ചിട്ടുണ്ട്. ഈയിടെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട എഐ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ''തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെങ്കില്‍ ഇതിനുള്ളില്‍ അതു പുറത്തുവന്നേനെ ''എന്നായിരുന്നു ഈയിടെ അനുഷ്ക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതിനിടെ പ്രഭാസ് ബോളിവുഡ് നടി കൃതി സോനനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആദിപുരുഷ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

അതേസമയം കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ആണ് പ്രഭാസിന്‍റെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം. കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസ് ആണ് സലാറിന്‍റെ നിർമാതാക്കൾ.ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ തിയറ്ററുകളിൽ എത്തിക്കുന്നത്.

Related Tags :
Similar Posts