< Back
Entertainment
രാധേ ശ്യാമിന് മോശം പ്രതികരണം; മനംനൊന്ത് പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്തു
Entertainment

രാധേ ശ്യാമിന് മോശം പ്രതികരണം; മനംനൊന്ത് പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്തു

Web Desk
|
15 March 2022 11:58 AM IST

കുർണൂൽ ജില്ലയിലെ തിലക് നഗറിൽ രവി തേജ എന്ന 24കാരനാണ് മരിച്ചത്

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രം 'രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളിൽ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. രവി തേജ എന്ന 24കാരനാണ് മരിച്ചത്. ഓൺലൈൻ മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ട നെഗറ്റീവ് നിരൂപണങ്ങളും റിപ്പോര്‍ട്ടുകളും കണ്ട ഇയാള്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതില്‍ രവി തേജ നിരാശനായിരുന്നെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്രഭാസ് ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് രാധേ ശ്യാം. ഏകദേശം 350 കോടി ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രഭാസിന്‍റെ നായികയായെത്തിയത്.

ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് രാധേ ശ്യാമില്‍ അവതരിപ്പിക്കുന്നത്. ജഗപതി ബാബു, ജയറാം, സത്യരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എന്നാല്‍, ദുര്‍ബലമായ തിരക്കഥയാണ് ചിത്രത്തിന്‍റെ പോരായ്മയെന്നാണ് പ്രേക്ഷക പ്രതികരണം. അതേസമയം, എസ്. തമന്‍റെ പശ്ചാത്തല സംഗീതവും ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനങ്ങളും മികച്ച അനുഭവമായിരുന്നുവെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. മാര്‍ച്ച് 11നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Similar Posts