< Back
Entertainment
എന്‍റെ ഒരു സിനിമയും മകളെ കാണിച്ചിട്ടില്ല; ആലി കാണുന്നത് കുട്ടികളുടെ സിനിമയാണെന്ന് പൃഥ്വി: വിമര്‍ശനവുമായി ആരാധകര്‍
Entertainment

എന്‍റെ ഒരു സിനിമയും മകളെ കാണിച്ചിട്ടില്ല; ആലി കാണുന്നത് കുട്ടികളുടെ സിനിമയാണെന്ന് പൃഥ്വി: വിമര്‍ശനവുമായി ആരാധകര്‍

Web Desk
|
6 Sept 2022 11:56 AM IST

‘ചേട്ടന്‍റെ പടം കണ്ടിട്ട് മകൾ ഒരു റിവ്യൂ പറഞ്ഞിട്ടുണ്ടോ? അതിൽ ഏതായിരുന്നു രാജുവേട്ടനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്’ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം

നടന്‍ പൃഥ്വിരാജിനെപ്പോലെ തന്നെ ആരാധകര്‍ക്ക് പരിചിതരാണ് ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും. ആലിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈയിടെ സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരോട് സംവദിക്കവെ പൃഥ്വി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.

'ചേട്ടന്‍റെ പടം കണ്ടിട്ട് മകൾ ഒരു റിവ്യൂ പറഞ്ഞിട്ടുണ്ടോ? അതിൽ ഏതായിരുന്നു രാജുവേട്ടനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്' എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. എന്നാൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് തന്‍റെ ഒരു സിനിമ പോലും മകൾ കണ്ടിട്ടില്ല എന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. 'എന്റെ സിനിമകൾ അലംകൃത കണ്ടിട്ടില്ല, ഇതുവരെ. എന്റെ ഒരു സിനിമയും ആലി ഇതുവരെ കണ്ടിട്ടില്ല. കാരണം ഞാൻ ചെയ്യുന്ന സിനിമകളിൽ എല്ലാം കുറച്ച് വയലൻസ് പോലുള്ള തീംസ് ഉള്ളതുകൊണ്ട്, കാണിച്ചിട്ടില്ല ഇതുവരെ. ആലി കണ്ടിട്ടുള്ളതെല്ലാം കുട്ടികളുടെ സിനിമയാണ്.' – പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, കുട്ടികൾക്ക് കാണാൻ പറ്റുന്ന ഒരു സിനിമ ഉണ്ടാക്കണമെന്ന് മകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഒരു ചിൽഡ്രൻസ് ഫിലിം തന്‍റെ പ്രയോറിറ്റി ലിസ്റ്റിൽ ഉള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ആലി തന്‍റെ സിനിമകൾ കണ്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ തന്‍റെ സിനിമകളെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

എന്നാല്‍ പൃഥ്വിയുടെ മറുപടി വലിയ വിമര്‍ശങ്ങള്‍ക്കും കാരണമായി. അല്‍പം വയലന്‍സുള്ള സിനിമ മറ്റു കുട്ടികള്‍ കണ്ടോട്ടെ എന്നാണോ താരത്തിന്‍റെ നിലപാടെന്ന് ചിലര്‍ ചോദിച്ചു. സ്വന്തം മകളെ കാണിക്കാത്ത സിനിമയാണോ ഇവിടെ പൊതു ജനങ്ങൾക്ക് മുന്നിൽ ഇറക്കുന്നത് എന്നിട്ട് സിനിമ ഇറക്കിയിട്ട് ഇവനൊക്കെ പറയും കുടുംബസമേതം കാണണമെന്നും, അപ്പോൾ നാട്ടുകാരുടെ കുട്ടികൾ തന്റെ വയലൻസ് കണ്ട്‌ നശിച്ചോട്ടെ അല്ലേ..? എന്നിങ്ങനെയായിരുന്നു കമന്‍റുകള്‍.

Similar Posts