< Back
Entertainment
Musician AR Rahman& Actor Prthviraj
Entertainment

'ബ്ലെസി കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചയാള്‍, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യം'; എ.ആര്‍ റഹ്‌മാന്റെ അഭിമുഖം നടത്തി പൃഥ്വിരാജ്

Web Desk
|
20 March 2024 9:14 AM IST

ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്‌മാനാണ്

സംവിധായകന്‍ ബ്ലെസിയെ കണ്ട് താന്‍ പ്രചോദിതനായെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. ബ്ലെസിയെ പോലുള്ള ആളുകളോടൊപ്പം ജോലി ചെയ്യുന്നത് അനുഗ്രമാണെന്നും അദ്ദേഹം പറഞ്ഞു. '14 വര്‍ഷത്തെ അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും ഈ ഒരൊറ്റ സിനിമ മികച്ചതാക്കി മാറ്റാനായിരുന്നു. നമ്മള്‍ ചെയ്യുന്ന കാര്യത്തോട് വേണ്ട പ്രതിജ്ഞാബദ്ധത എന്താണെന്ന് അദ്ദേഹത്തില്‍ നിന്നാണ് മനസിലായത്. കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ആളാണ് അദ്ദേഹം,' എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.

ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്‌മാന്‍ ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിച്ചിരുന്നു. അന്ന് ആടുജീവിതം സിനിമ സെറ്റില്‍ നിന്നും പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2022ല്‍ നടത്തിയ അഭിമുഖം ഇപ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.

ആടുജീവിതത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കവെയാണ് എ.ആര്‍ റഹ്‌മാന്‍ ബ്ലെസിയെ കുറിച്ച് സംസാരിച്ചത്. മറ്റനവധി കാര്യങ്ങള്‍ മൂലം തിരക്കിലായിരുന്നുവെങ്കിലും ബ്ലെസിയോട് യെസ് പറയുകയായിരുന്നുവെന്നും അദ്ദേഹം പൃഥ്വിരാജിനോട് പറഞ്ഞു.

മലയാളത്തില്‍ ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് ആയി പൃഥ്വിരാജ് ആണ് എത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്‌മാനാണ്. ചിത്രത്തിനായി എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

അമല പോളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

Similar Posts