< Back
Entertainment
വേദനിപ്പിച്ചതില്‍ ദുഃഖം: കാസര്‍കോട് വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.രഞ്ജിത്ത്
Entertainment

'വേദനിപ്പിച്ചതില്‍ ദുഃഖം': കാസര്‍കോട് വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.രഞ്ജിത്ത്

Web Desk
|
28 April 2023 12:18 PM IST

മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്നാണ് എം രഞ്ജിത്ത് നേരത്തെ പറഞ്ഞത്

കൊച്ചി: മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം രഞ്ജിത്ത്. ആ പ്രസ്താവന പലരെയും വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിൽ അതിയായ ദുഃഖമുണ്ട്. തെറ്റ് തിരുത്തുക എന്നത് കടമയാണ്. വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞതായി ദ ക്യൂ റിപ്പോര്‍ട്ട് ചെയ്തു.

"കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും കാസർകോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്‍റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു"- എം.രഞ്ജിത്ത് പറഞ്ഞു.

മലയാള സിനിമയില്‍ മയക്കുമരുന്നിന് അടിമകളായ താരങ്ങളുണ്ടെന്നും അവരുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അതിനുശേഷം നല്‍കിയ അഭിമുഖത്തിലാണ് കാസര്‍‌കോട്ടെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മംഗലാപുരത്ത് നിന്നും ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവരാൻ എളുപ്പമാണെന്നും അതിനാല്‍ സിനിമാ ലൊക്കേഷനുകള്‍ കാസര്‍കോട്ടേക്ക് മാറ്റുകയാണെന്നുമാണ് രഞ്ജിത് പറഞ്ഞത്. തുടര്‍ന്ന് സിനിമാ മേഖലയിലെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി.

കാസര്‍കോടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും മദനോത്സവം എന്ന സിനിമയുടെ സംവിധായകന്‍ സുധീഷ് ഗോപിനാഥ് പ്രതികരിച്ചു. കാസര്‍കോട് ചിത്രീകരിക്കുന്ന സിനിമകളെയെല്ലാം അടച്ചാക്ഷേപിച്ചത് ശരിയായില്ലെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.

Similar Posts