< Back
Entertainment
പെട്ടി ചുമന്നതിന് രണ്ട് രൂപ തന്ന് അവനെന്നെ കളിയാക്കി, ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നായിരുന്നു; കൂലി  ട്രെയിലർ ലോഞ്ചിനിടെ വികാരാധീനനായി രജനീകാന്ത്
Entertainment

'പെട്ടി ചുമന്നതിന് രണ്ട് രൂപ തന്ന് അവനെന്നെ കളിയാക്കി, ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നായിരുന്നു'; 'കൂലി' ട്രെയിലർ ലോഞ്ചിനിടെ വികാരാധീനനായി രജനീകാന്ത്

Web Desk
|
4 Aug 2025 11:08 AM IST

'കൈതി' കണ്ടതിനുശേഷം, താൻ ലോകേഷിനെ കാണാൻ പോയി ഡേറ്റ് കൊടുക്കുകയായിരുന്നുവെന്നും രജനീകാന്ത്

ചെന്നെെ: സിനിമാ ആരാധാകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രജനീകാന്ത്-ലോകേഷ് കനകരാജ് ചിത്രമാണ് 'കൂലി'.കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയിലറാകട്ടെ വന്‍ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ സൗബിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ശനിയാഴ്ചയായിരുന്നു ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ 'കൂലി'യുടെ ട്രെയിലർ ലോഞ്ച് നടന്നത്. പരിപാടിക്കിടെ നടന്‍ രജനീകാന്ത് വികാരാധീനനായി സംസാരിക്കുകയും ചെയ്തിരുന്നു. സിനിമയിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തന്‍റെ മുന്‍കാലത്തെക്കുറിച്ചും നടന്‍ ഓര്‍ത്തെടുത്തത്. സിനിമയിലേക്ക് വരുന്നത് മുന്‍പ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്ത സമയത്ത് താൻ നേരിട്ട പരിഹാസത്തെക്കുറിച്ചായിരുന്നു രജനീകാന്ത് സംസാരിച്ചത്.

'ഒരു ദിവസം ടെമ്പോയിലേക്ക് ഒരു ലഗേജ് കയറ്റാനായി ഒരാളെന്നോട് ആവശ്യപ്പെട്ടു. രണ്ടു രൂപ കൂലിയായും തന്നു.പക്ഷേ അയാളുടെ ശബ്ദം എനിക്ക് നല്ല പരിചയം തോന്നി. കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ കളിയാക്കിയിരുന്ന എന്റെ സഹപാഠിയായിരുന്നു അതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അന്നൊക്കെ എന്തൊരു അഹങ്കാരമായി നിനക്ക് എന്ന് പറഞ്ഞ് അവൻ എന്നെ പരിഹസിച്ചു. ജീവിതത്തിലാദ്യമായി പൊട്ടിക്കരഞ്ഞത് അന്നായിരുന്നു'...രജനീകാന്ത് പറഞ്ഞു.

സംവിധായകന്‍ ലോകേഷുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും രജനീകാന്ത് സംസാരിച്ചു. ലോകേഷിന്‍റെ 'കൈതി' കണ്ടതിനുശേഷം, താൻ തന്നെ അദ്ദേഹത്തെ കാണാൻ പോയെന്നും അങ്ങനെ മറ്റൊരു നടനും സംവിധായകന്റെ ഡേറ്റ് കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കൂലിയുടെ അണിയറ പ്രവര്‍ത്തകരെയും രജനീകാന്ത് വേദിയില്‍ വെച്ച് പ്രശംസിച്ചു. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ രാജ്, ആക്ഷൻ ഡയറക്ടർ അൻബരിവ് തുടങ്ങിയവരാണ് സിനിമയുടെ യഥാർത്ഥ ആത്മാവെന്നും അദ്ദേഹം പറഞ്ഞു.

ആമിർഖാൻ,നാഗാര്‍ജുന തുടങ്ങി വൻ താരനിര തന്നെയാണ് ട്രെയിലർ ലോഞ്ച് ചടങ്ങിനെത്തിയത്. 'കൂലി' സിനിമയിലെ അതേ ലുക്കിൽ തന്നെയാണ് ആമിർഖാൻ ട്രെയിലർ ലോഞ്ച് ചടങ്ങിനെത്തിയത്. ചിത്രത്തില്‍ അതിഥി താരമായാണ് അമിര്‍ എത്തുന്നത്.

ആഗസ്ത് 17 നാണ് കൂലി തിയേറ്ററിലെത്തുന്നത്. സൺപിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരനാണ് 'കൂലി' നിർമിക്കുന്നത്. ശ്രുതി ഹാസൻ, ഉപേന്ദ്ര,സത്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

Similar Posts