Entertainment

Entertainment
'ജയിലര്‍' ക്ലൈമാക്സ് ചിത്രീകരിക്കാന്‍ രജനികാന്ത് കേരളത്തില്‍
|23 March 2023 10:01 PM IST
ചാലക്കുടിയിലാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്
ചാലക്കുടി: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ രജനികാന്ത് കേരളത്തിലെത്തി. ചാലക്കുടിയിലാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി വിമാനത്താവളത്തിലെത്തിയ രജനികാന്തിന്‍റെ ദൃശ്യം പുറത്തുവന്നു. രജനികാന്ത് വളരെ വേഗത്തില്‍ നടന്നുവരുന്നതും ആരാധകര്‍ക്കു നേരെ കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്.
മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മോഹന്‍ലാലും സിനിമയിലുണ്ട്. രമ്യ കൃഷ്ണനും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലറിന്‍റെ നിര്‍മാണം. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.