< Back
Entertainment
Rajkummar Rao to play Sourav Ganguly in biopic
Entertainment

സൗരവ് ഗാംഗുലിയായി രാജ്‍കുമാര്‍ റാവു; ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

Web Desk
|
21 Feb 2025 12:05 PM IST

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു ഗാംഗുലി

മുംബൈ: മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും ടീം ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. രാജ്‍കുമാര്‍ റാവുവാണ് ദാദയെ അഭ്രപാളിയിൽ അവതരിപ്പിക്കുന്നത്.

''രാജ്‍കുമാര്‍ റാവുവാണ് ആ വേഷം ചെയ്യുന്നത്. പക്ഷേ ഡേറ്റ് പ്രശ്നമുള്ളതുകൊണ്ട് ചിത്രം തിയറ്ററുകളിലെത്താൻ ഒരു വര്‍ഷത്തിലധികം സമയമെടുക്കും'' പശ്ചിമ ബംഗാളിലെ ബർധമാനിൽ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തന്നെ മാറ്റിമറിച്ച ഗാംഗുലിയുടെ ജീവിതവും കരിയറും സിനിമയാക്കാന്‍ കുറെ നാളുകളായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, ഷൂട്ടിങ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു ഗാംഗുലി. അദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നിരവധി ചരിത്ര വിജയങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2002ലെ നാറ്റ് വെസ്റ്റ് സീരീസ്, ചാമ്പ്യൻസ് ട്രോഫി, 2003 ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, വിദേശത്തെ 11 ജയങ്ങളടക്കം 21 ടെസ്റ്റ് വിജയം തുടങ്ങിയവയൊക്കെ നായകനെന്ന നിലയിൽ ഗാംഗുലിയുടെ നേട്ടങ്ങളായിരുന്നു. 1996 ൽ ഇദ്ദേഹം ആദ്യമായി കളിച്ച ലോഡ്സിലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി. അടുത്ത മത്സരത്തിലും സെഞ്ച്വറി നേട്ടം കൈവരിച്ചു. വൈകാതെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പ്രധാന ഭാഗമായി അദ്ദേഹം മാറി. 2000 ൽ ഒത്തുകളി വിവാദം ടീമിനെ പിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി ലഭിച്ചു. ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്. 424 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുകയും 18575 റൺസ് നേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വാമിക ഗബ്ബിക്കൊപ്പം അഭിനയിക്കുന്ന ഭൂൽ ചുക്ക് മാഫ് ആണ് രാജ് കുമാറിന്‍റെ ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. ഗ്യാങ്സ്റ്റർ ഡ്രാമയായ മാലിക് എന്ന ചിത്രവും പുറത്തുവരാനുണ്ട്.

Similar Posts