Entertainment
Rakul Preet Singh
Entertainment

'നാല് ദിവസത്തെ ഷൂട്ടിന് ശേഷം പ്രഭാസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി'; നടി രാകുല്‍ പ്രീത് സിങ്

Web Desk
|
12 Sept 2024 11:20 AM IST

പുതുമുഖ നായികയെക്കാളും അനുഭവപരിചയമുള്ള നടിയായിരിക്കും നല്ലതെന്ന് ആ ചിത്രത്തിന്‍റെ നിര്‍മാതാവ് മനസിലാക്കി

ഹൈദരാബാദ്: ചിത്രീകരണം തുടങ്ങി നാല് ദിവസത്തിന് ശേഷം പ്രഭാസ് നായകനായ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബോളിവുഡ് താരം രാകുല്‍ പ്രീത് സിങ്. തന്നെ അറിയിക്കാതെയാണ് ഒഴിവാക്കിയെന്നും യുട്യൂബര്‍ രൺവീർ അലാബാദിയക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ രണ്ടു തെലുങ്ക് പടങ്ങളില്‍ നിന്നാണ് താന്‍ മാറ്റിനിര്‍ത്തപ്പെട്ടതെന്നും രാകുല്‍ കൂട്ടിച്ചേര്‍ത്തു.

2009-ൽ ഒരു കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ സിനിമയില്‍ അരങ്ങേറ്റും കുറിക്കുന്നത്. 2013-ൽ യാരിയൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചേക്കേറുന്നതിനു മുമ്പ് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ''എന്‍റെ അരങ്ങേറ്റ സിനിമയായിരുന്നു അത്. നാല് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ആ പ്രഭാസ് ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കുകയായിരുന്നു. ഒരു പുതുമുഖ നായികയെക്കാളും അനുഭവപരിചയമുള്ള നടിയായിരിക്കും നല്ലതെന്ന് ആ ചിത്രത്തിന്‍റെ നിര്‍മാതാവ് മനസിലാക്കി. അതുകൊണ്ടാണ് എന്നെ മാറ്റിയത്. ഒരുവാക്ക് പോലും എന്നോട് പറഞ്ഞില്ല. ഷെഡ്യൂൾ പൂർത്തിയാക്കി ഞാൻ ഡൽഹിയിലേക്ക് പോയി, 'ഓകെ, സാരമില്ല' എന്ന മട്ടിലായിരുന്നു'' രാകുല്‍ പറയുന്നു.

''രണ്ടു മൂന്നു മാസങ്ങള്‍ക്ക് ശേഷം വീണ്ടും സമാനസംഭവമുണ്ടായി. പക്ഷെ ആ പ്രോജക്ടില്‍ ഞാന്‍ ഒപ്പിടുക മാത്രമേ ചെയ്തിരുന്നുള്ളൂ. മറ്റൊരു നടിയുമായും കരാറൊപ്പിട്ടിട്ടുണ്ടെന്ന് പിന്നീട് എനിക്ക് മനസിലായി. രണ്ടും വമ്പന്‍ ചിത്രങ്ങളായിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ച് ശരിക്ക് അറിയാത്ത കാലമായിരുന്നതിനാല്‍ അതൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല. ആ സമയത്ത് ഞാന്‍ വളരെ നിഷ്ക്കളങ്കമായി ചിന്തിച്ചു. എന്‍റെ ഭാഗത്ത് നിന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ല'' നെപ്പോട്ടിസം കാരണം ചില ബോളിവുഡ് ചിത്രങ്ങളും തനിക്ക് നഷ്ടമായെന്ന് നടി സമ്മതിച്ചു.എന്നിരുന്നാലും, താൻ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയിൽ താനും തൻ്റെ കുട്ടികളെ സഹായിക്കുമെന്നും അവർ പറഞ്ഞു.

Similar Posts