< Back
Entertainment
എക്‌സോസിസ്റ്റിനു ശേഷം ഞാൻ കണ്ട മികച്ച ഹൊറർ ചിത്രമാണ്  ഭൂതകാലം: രാംഗോപാൽ വർമ
Entertainment

'എക്‌സോസിസ്റ്റിനു ശേഷം ഞാൻ കണ്ട മികച്ച ഹൊറർ ചിത്രമാണ് ഭൂതകാലം': രാംഗോപാൽ വർമ

Web Desk
|
24 Jan 2022 7:29 PM IST

സോണി ലിവിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്

രേവതി, ഷെയ്ൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭൂതകാല'ത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. എക്‌സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു ഹൊറർ ചിത്രം വേറെ കണ്ടിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.

'എക്‌സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ സിനിമയാണ് 'ഭൂതകാലം'. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയ്ൻ നിഗം വളരെ ബ്രില്യന്റ് ആയി അഭിനയിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. ഭൂതകാലത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ', എന്നാണ് രാം ഗോപാൽ വർമ കുറിച്ചു.

സൈജു കുറുപ്പ്, ഷെയ്ൻ തുടങ്ങിയവർ രാം ഗോപാൽ വർമയുടെ ട്വീറ്റ് പങ്കുവച്ച് നന്ദി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ ഒടിടി റിലീസായി എത്തിയത്. സോണി ലിവിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രം എന്ന് 'ഭൂതകാല'ത്തെ നിരൂപകർ വാഴ്ത്തിയിരുന്നു.

നിർമ്മാണത്തിലും ഷെയ്ൻ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രമാണ് ഭൂതകാലം. പ്ലാൻ ടി ഫിലിംസ്, ഷെയ്ൻ നിഗം ഫിലിംസ് എന്നീ ബാനറുകളിൽ തെരേസ റാണി, സുനില ഹബീബ് എന്നിവർ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അൻവർ റഷീദ് ആണ്.

Similar Posts