< Back
Entertainment
രാമനായി രണ്‍ബീര്‍, രാവണനായി ഹൃത്വിക്; പ്രതിഫലം 150 കോടി
Entertainment

രാമനായി രണ്‍ബീര്‍, രാവണനായി ഹൃത്വിക്; പ്രതിഫലം 150 കോടി

Web Desk
|
9 Oct 2021 7:10 PM IST

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ചിത്രം മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി ഋത്വിക് റോഷനുമാണ് എത്തുന്നത്. ഇരു താരങ്ങള്‍ക്കുമായി പ്രതിഫലം 150 കോടി രൂപയാണെന്നാണ് വാര്‍ത്തകള്‍. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 750 കോടിയാണ്.

മുന്‍കാലങ്ങളില്‍ പല സംവിധായകരും രമായണകഥ സ്‌ക്രീനില്‍ എത്തിച്ചെങ്കിലും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാംനാഥ് സാഗറിന്റെ 'രാമായണ' സീരിയലിനേക്കാള്‍ മികച്ചതൊന്ന് സൃഷ്ടിക്കാന്‍ ആര്‍ക്കുമായില്ല. ദംഗല്‍ സംവിധായകന്‍ അതിനേക്കാള്‍ വെല്ലുന്ന ചിത്രം ഒരുക്കുമെന്നും അതുകൊണ്ടാണ് ചിത്രത്തിന് ഇത്രയും ബജറ്റെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

സീതയായി അഭിനയിക്കാന്‍ മികച്ച അഭിനേത്രിയെ തിരയുകയാണ് നിതേഷ് തിവാരി. കരീന കപൂര്‍ വന്നേക്കുമെന്ന് വാര്‍ത്തകള്‍ പ്രൊഡക്ഷന്‍ ടീം തന്നെ തള്ളി. അതേസമയം കരീനയുടെ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്‍ പ്രഭാസ് നായകനാവുന്ന രാമായണകഥയായ ആദിപുരുഷില്‍ രാവണനായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഋത്വിക്കും രണ്‍ബീറും സംവിധായകനായ നിതേഷ് തിവാരിയും നിര്‍മാതാവായ മധു മന്ദേനയുമായി കൂടിക്കാഴ്ച നടത്തി. പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായതായാണ് വിവരം. ഇരുവരും 75 കോടി രൂപ പ്രതിഫലം പറ്റുന്നു എന്നാണ് വാര്‍ത്തകള്‍. അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Similar Posts