< Back
Entertainment
സൂപ്പര്‍ ഹീറോയായി ടൊവിനോ; മിന്നല്‍ മുരളി ക്രിസ്മസിന് റിലീസ് ചെയ്യും
Entertainment

സൂപ്പര്‍ ഹീറോയായി ടൊവിനോ; 'മിന്നല്‍ മുരളി' ക്രിസ്മസിന് റിലീസ് ചെയ്യും

Web Desk
|
23 Sept 2021 1:37 PM IST

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തും. ഡിസംബര്‍ 24ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിനെത്തും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

Similar Posts