Entertainment
Rishab Shetty
Entertainment

ബോളിവുഡ് സിനിമകള്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഋഷഭ് ഷെട്ടി; ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഹിപ്പോക്രാറ്റുകളെന്ന് വിമര്‍ശനം

Web Desk
|
21 Aug 2024 12:58 PM IST

ഋഷഭിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്

ബെംഗളൂരു: കാന്താര എന്ന ഒറ്റച്ചിത്രത്തിലൂടെ കന്നഡ സിനിമയെ പ്രശസ്തിയുടെ നെറുകയിലെത്തിച്ച നടനാണ് ഋഷഭ് ഷെട്ടി. താരം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രം കോടികള്‍ വാരിക്കൂട്ടുക മാത്രമല്ല, ഹിന്ദിയടക്കം വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റി പുറത്തിറക്കുകയും ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരവും കാന്താരയിലൂടെ ഋഷഭ് സ്വന്തമാക്കി. പുരസ്കാര നേട്ടത്തിനു പിന്നാലെ ഋഷഭ് പറഞ്ഞ വാക്കുകള്‍ ഏറ്റുപിടിച്ച് വിവാദമാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ബോളിവുഡ് സിനിമകളെക്കുറിച്ചുള്ള നടന്‍റെ പരാമര്‍ശമാണ് ചര്‍ച്ചയായത്.

ബോളിവുഡ് ചിത്രങ്ങള്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു 'ലാഫിംഗ് ബുദ്ധ' എന്ന കന്നഡ സിനിമയുടെ പ്രചരണ പരിപാടിക്കിടെ ഷെട്ടി പറഞ്ഞത്. "ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് ബോളിവുഡ്, പലപ്പോഴും ഇന്ത്യയെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നു. കലാപരമായ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന ഇവ അന്താരാഷ്ട്ര പരിപാടികളിൽ പ്രദർശിപ്പിക്കുകയും പ്രത്യേക ശ്രദ്ധ നേടുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ രാജ്യവും എൻ്റെ സംസ്ഥാനവും എൻ്റെ ഭാഷയും അഭിമാനത്തിൻ്റെ ഉറവിടങ്ങളാണ്. അതിനെ ഒരു പോസിറ്റീവ് വെളിച്ചത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്" ഋഷഭ് മെട്രോസാഗക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഋഷഭിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ''അതുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം താരങ്ങളെയും ഞാൻ ഹിപ്പോക്രാറ്റുകള്‍ എന്ന് വിളിക്കുന്നത്. അവരുടെ ഭാഷയെ മാത്രമാണ് അവര്‍ പരിഗണിക്കുന്നത്'' ഒരാള്‍ കുറിച്ചു. "ലഗാനും മദർ ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളിൽ വൻ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ്. പക്ഷേ, അവയൊന്നും ഇന്ത്യയെ ഇകഴ്ത്തുന്നില്ല'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. കാന്താരയില്‍ നായികയെ ഋഷഭ് അവതരിപ്പിക്കുന്ന കഥാപാത്രം നുള്ളുന്ന രംഗം ചൂണ്ടിക്കാട്ടിയായിരുന്നു നെറ്റിസണ്‍സിന്‍റെ വിമര്‍ശനം. ''ഹൈപ്പ് കാരണം ഞാന്‍ കാന്താര കണ്ടു. പക്ഷെ ഈ നടന്‍ നായികയെ നുള്ളുന്ന സീന്‍ എനിക്ക് ഒഴിവാക്കേണ്ടി വന്നു. അയാള്‍ എങ്ങനെയാണ് ഒരു വിശുദ്ധനാകാൻ ശ്രമിക്കുന്നതെന്ന് നോക്കൂ," ഒരു കമന്‍റില്‍ ചൂണ്ടിക്കാട്ടുന്നു. ആവേറജ് നടനാണ് ഋഷഭെന്നായിരുന്നു മറ്റൊരു വിമര്‍ശനം.

2022 സെപ്തംബര്‍ 30നാണ് കാന്താര തിയറ്ററുകളിലെത്തുന്നത്. ചിത്രം വന്‍വിജയമായതോടെ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കുകയായിരുന്നു. ഹിന്ദിയിൽ ഒക്ടോബർ 14 നും തമിഴിലും തെലുങ്കിലും ഒക്ടോബർ 15 നും മലയാളത്തിൽ ഒക്ടോബർ 20 നും റിലീസ് ചെയ്തു.19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് കാന്താര.

Related Tags :
Similar Posts