
രണ്ടാമൂഴം സംവിധാനം ചെയ്യാൻ ഋഷഭ് ഷെട്ടി; ആരാകും ഭീമൻ!
|ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണ്
മലയാള സാഹിത്യചരിത്രത്തിലെ ഇതിഹാസ കൃതിയാണ് എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നോവലിന്‍റെ ചലച്ചിത്ര ഭാഷ്യത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കന്നഡ താരം ഋഷഭ് ഷെട്ടി രണ്ടാമൂഴം സംവിധാനം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. എം.ടി തന്നെ താൽപര്യം പ്രകടിപ്പിക്കുകയും ഋഷഭ് ഷെട്ടിയുമായി സംസാരിക്കാൻ ആദ്യപടി സ്വീകരിക്കുകയും ചെയ്തുവെന്ന് മനോരമ ഓൺലൈന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണിരത്നമടക്കമുള്ള പ്രമുഖര്‍ രണ്ടാമൂഴം സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ ക്യാൻവാസിൽ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് പറഞ്ഞ് മണിരത്നം പിൻമാറുകയായിരുന്നു.എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഹരിഹരനും രണ്ടാമൂഴം സംവിധാനം ചെയ്യാൻ ആലോചിച്ചിരുന്നു. പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
സംവിധായകൻ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും നിര്‍മാണം നീണ്ടുപോയതിനെ തുടര്‍ന്ന് അതും നടക്കാതെ പോയി. മൂന്നുവര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായിരുന്ന കരാര്‍. മോഹൻലാലിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്.
നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം.ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിം കോടതിയിലും ഹരജി നല്‍കിയിരുന്നു.തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷവും വി.എ ശ്രീകുമാര്‍ മേനോന്‍ പുതിയ വലിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് പിന്നണി പ്രവര്‍ത്തകരെ ക്ഷണിച്ചുള്ള പോസ്റ്ററും സംവിധായകന്‍ പുറത്തുവിട്ടിരുന്നു. എം.ടിക്ക് തിരക്കഥ തിരിച്ചു നൽകാനും ശ്രീകുമാർ മേനോന്‍ അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ മടക്കി നൽകാനും ഇരുവരും ധാരണയിലെത്തിയിരുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരക്കുന്ന ചിത്രമായിരിക്കും രണ്ടാമൂഴമെന്ന് എം.ടിയുടെ മകൾ അശ്വതി വി. നായര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. എം.ടി. തയ്യാറാക്കിയ തിരക്കഥകളിൽ രണ്ടാമൂഴത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും പിതാവിന്‍റെ ആഗ്രഹം സാക്ഷാത്കരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അശ്വതി പറഞ്ഞിരുന്നു.
അതേസമയം ഏറെ കാത്തിരിപ്പുകൾക്ക് ശേഷം രണ്ടാമൂഴം സിനിമയാകുമ്പോൾ ഭീമനെ അവതരിപ്പിക്കുന്നത് ആരാകും എന്ന ചര്‍ച്ചയിലാണ് സോഷ്യൽമീഡിയ. ഋഷഭ് ഷെട്ടി തന്നെയാണോ ഭീമനാകുന്നത് എന്ന കാര്യവും പുറത്തുവിട്ടിട്ടില്ല.