
60കളിലെ റോക്ക് ശബ്ദം ഡേവിഡ് ക്രോസ്ബി അന്തരിച്ചു
|1960,70 കാലഘട്ടങ്ങളിൽ സംഗീതരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിൽ സുപ്രധാന പങ്കു വഹിച്ചയാളാണ് ക്രോസ്ബി
ലൊസ് ആഞ്ചലസ്: പ്രശസ്ത റോക്ക് സംഗീതജ്ഞൻ ഡേവിഡ് ക്രോസ്ബി അന്തരിച്ചു(81). ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഏറെ നാൾ ചികിത്സയിലായിരുന്നു. എന്നാൽ മരണകാരണം കുടുംബം വെളിപ്പെടുത്തിയിട്ടില്ല.
60കളിൽ റോക്ക് സംഗീതത്തിനൊപ്പം കൂട്ടിവായിച്ചിരുന്ന പേരായിരുന്നു ഡോവിഡ് ക്രോസ്ബി. സംഗീത സംവിധായകനായും ഗിറ്റാറിസ്റ്റായും ഗായകനായും തിളങ്ങിയ ക്രോസ്ബി 1960,70 കാലഘട്ടങ്ങളിൽ സംഗീതരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിൽ സുപ്രധാന പങ്കു വഹിച്ചയാളാണ്.
ദി ബേർഡ്‌സ് ആൻഡ് ക്രോസ്ബി, സ്റ്റിൽസ് ആൻഡ് നാഷ് എന്നീ ബാൻഡുകളുടെ സഹസ്ഥാപകനായ ക്രോസ്ബി സംഗീതരംഗത്തെ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ഹൃദയസ്പർശിയായ ബാല്ലഡുകളും തുളച്ചുകയറുന്ന ബാംഗറുകളും കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കി. ബേർഡ്‌സിലെ അത്യുജ്ജ്വല പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്കുയർന്ന് ക്രോസ്ബി ബോബ് ഡിലന്റെ 'മിസ്റ്റർ ടാംബൊറിൻ മാൻ' എന്ന പ്രശസ്ത ഗാനത്തിന്റെ കവറിലൂടെ വലിയ ജനശ്രദ്ധ നേടി. ടേൺ ടേൺ ടേൺ എന്ന ഗാനവും ക്ലാസ്സിക് ഹിറ്റായി.
പിന്നീട് 1967ൽ മറ്റ് അംഗങ്ങളുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ബേർഡ്‌സ് വിട്ട അദ്ദേഹം സ്റ്റീഫൻ സ്റ്റിൽസിനൊപ്പം ചേർന്ന് 'ദി സ്റ്റിൽസി'ന് രൂപം നൽകുകയായിരുന്നു. 60കളിൽ വൻ തരംഗം സൃഷ്ടിച്ച ഒഹൈയോ ഒക്കെ സ്റ്റിൽസിന്റേതായി പുറത്തു വന്നതോടെ ബാൻഡ് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. പിന്നീട് ഗ്രഹാം നാഷും നീൽ യങ്ങും ബാൻഡിനൊപ്പം ചേർന്നു. ആഴത്തിൽ വേദനിപ്പിക്കുന്ന വാർത്ത എന്നാണ് പഴയ ബാൻഡ് മേറ്റിന്റെ വിയോഗത്തോട് യങും നാഷും പ്രതികരിച്ചത്.