സിനിമയിലെ നഗ്നദൃശ്യം; 55 വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിയുമായി അഭിനേതാക്കള്‍
|500 മില്യൺ ഡോളര്‍ ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്
1968ല്‍ പുറത്തിറങ്ങിയ റോമിയോ ആന്‍ഡ് ജൂലിയറ്റിനെതിരെ, സിനിമ പുറത്തിറങ്ങി 55 വര്‍ഷങ്ങള്‍ക്ക് ശേഷം കേസ്. ചിത്രത്തിന്‍റെ വിതരണക്കാരായ പാരമൗണ്ടിനെതിരെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഒലിവിയ ഹസിയും ലിയോനാര്‍ഡ് വൈറ്റിങും പരാതി ഫയല്‍ ചെയ്തത്. കാലിഫോര്‍ണിയയിലെ സാന്‍റാ മോണിക്ക സുപ്പീരിയര്‍ കോടതിയിലാണ് കേസ് നിലവിലുള്ളത്. പാരാമൗണ്ട് ഫിലിംസിനെതിരെ ബാലപീഡനത്തിനും കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് പരാതി നല്‍കിയത്.
ചിത്രത്തിന്‍റെ സംവിധായകനായ ഫ്രാങ്കോ സെഫറലി 2019ല്‍ മരണപ്പെട്ടിരുന്നു. സംവിധായകനായ ഫ്രാങ്കോ ചിത്രത്തില്‍ നഗ്ന ദൃശ്യങ്ങള്‍ ഒന്നും വരില്ലെന്ന് ഉറപ്പുനല്‍കിയിരുന്നതായും എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ നഗ്നരായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ ചിത്രം പരാജയപ്പെടുമെന്ന് പറയുകയും ചെയ്തതായി താരങ്ങള്‍ പറയുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് ഒലിവിയ ഹസിക്ക് പതിനഞ്ചും ലിയോനാര്‍ഡ് വൈറ്റിങിന് പതിനാറും വയസ്സായിരുന്നു.
ക്യാമറ എവിടെ വെച്ചായിരിക്കും ചിത്രീകരിക്കുകയെന്നും നഗ്നമായ ദൃശ്യങ്ങള്‍ ഒന്നും തന്നെ ചിത്രീകരിക്കുകയില്ലെന്നും സംവിധായകനായ ഫ്രാങ്കോ സെഫറലി ഉറപ്പുനല്‍കിയിരുന്നതായും താരങ്ങള്‍ പറയുന്നു. അന്തരിച്ച സംവിധായകൻ ഉറപ്പുപാലിച്ചില്ലെന്നും പ്രധാന അഭിനേതാക്കളുടെ അറിവില്ലാതെ നഗ്നരായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. താരങ്ങളായ ഹസിയും വൈറ്റിങും 500 മില്യൺ ഡോളര്‍ ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
1968ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. റോമിയോ ആന്‍ഡ് ജൂലിയറ്റ് രണ്ട് ഓസ്കര്‍ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.