
'ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്‍റെ കാതിൽ ചോരയായിരുന്നു, എന്‍റെ പിറകെ നടന്ന് നടന്ന് അപ്പൻ പോയെടോ', കണ്ണീർ മറച്ചുപിടിക്കാൻ ശ്രമിച്ച് ഷൈൻ പറഞ്ഞു: റോണി ഡേവിഡ് രാജ്
|എല്ലാ പ്രതിസന്ധികളിലും മകന് കൂട്ടായി നിന്ന പിതാവായിരുന്നു ചാക്കോ
തൃശൂര്‍: അപ്രതീക്ഷിതമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ വേര്‍പാട്. തമിഴ്നാട് സേലത്തു വച്ചുണ്ടായ അപകടത്തിലാണ് ചാക്കോ മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. സംസ്കാരച്ചടങ്ങുകളിൽ നെഞ്ച് പൊട്ടിക്കരയുന്ന ഷൈനിന്‍റെ മുഖം കണ്ടു നിന്നവരെപ്പോലും തകര്‍ത്തിരുന്നു. എല്ലാ പ്രതിസന്ധികളിലും മകന് കൂട്ടായി നിന്ന പിതാവായിരുന്നു ചാക്കോ.
ചാക്കോയ്ക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കാൻ സിനിമാരംഗത്ത് നിന്ന് നിരവധി പേരാണ് തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിയത്.ചടങ്ങിനെത്തിയ നടൻ റോണി ഡേവിഡ് രാജിനോട് ഷൈൻ പറഞ്ഞ വാക്കുകൾ ആരുടെയും കണ്ണ് നിറയ്ക്കും.
"മിനിയാന്ന് രാത്രി ഞാൻ ആശുപത്രിയിൽ പോയി ഷൈനിനെ കണ്ടിരുന്നു. ഷൈനിന്‍റെ ഇടതുകൈയുടെ എല്ല് ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട് അയാൾക്ക്. ഷൈൻ ആദ്യം സംസാരിച്ചപ്പോൾ, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ലെന്നാണ് എനിക്കാദ്യം തോന്നിയത്. "
"പിന്നെ പറഞ്ഞു, 'ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്‍റെ കാതിൽ ചോരയായിരുന്നു' എന്ന്. അതു കഴിഞ്ഞ് ഷൈൻ ചിരിച്ചോണ്ട് പറഞ്ഞു, 'എന്‍റെ പിറകെ നടന്ന് നടന്ന് അപ്പൻ പോയെടോ' എന്ന്. ഇതിൽ കൂടുതൽ മെസേജോ ഒരു കഥയോ നിങ്ങൾക്ക് വേണമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയാണ് എന്തുതരം ഡ്രഗ്സ് ഉപയോഗിക്കുന്നവരുടെയും വീട്ടിൽ. അവിടെയും മാതാപിതാക്കളുണ്ട്,"
ജൂൺ 6നാണ് തമിഴ്‌നാട്ടിലെ സേലത്ത് വച്ചുണ്ടായ അപകടത്തിൽ സി.പി ചാക്കോ മരിക്കുന്നത്. ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിലേക്ക് ഷൈനിന്‍റെ ചികിത്സാര്‍ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പുറമെ അമ്മ കാര്‍മല്‍, സഹോദരന്‍ ജോജോ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.