
'അർ.ആർ.ആറിലെ വില്ലൻ', റേ സ്റ്റീവൻസൺ അന്തരിച്ചു
|വിശ്വസിക്കാനാവുന്നില്ലെന്ന് രാജമൗലി
ആർ.ആർ.ആർ സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൺസൺ (58)അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിലെ ഒരു സിനിമാ ഷൂട്ടിങിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് നടന് ആദരാഞ്ജലി അർപ്പിച്ചു. സ്റ്റീവൺസണിന്റെ മരണം വിശ്വസിക്കാവനാവുന്നില്ലെന്ന് രാജമൗലി കുറിച്ചു.
'ഞെട്ടിപ്പിക്കുന്ന വാർത്ത, വിശ്വസിക്കാനാകുന്നില്ല, ഷൂട്ടിങ് സെറ്റില്‍ വളരെയധികം ഊർജത്തോടെ എന്നോടൊപ്പം പ്രവർത്തിച്ചിരുന്ന ആളായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എന്‍റെ പ്രാർഥനകളുണ്ടാകും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു'- രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ.ആർ.ആർ (രുധിരം, രൗദ്രം, രണം). 450 കോടിയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എൻ.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുകയും ചെയ്തു.