< Back
Entertainment
SS Rajamouli

എസ്.എസ് രാജമൗലി

Entertainment

രാജമൗലി ബി.ജെ.പി അജണ്ടയെ പിന്തുണക്കുന്നുണ്ടോ? സംവിധായകന്‍റെ മറുപടി ഇങ്ങനെ...

Web Desk
|
17 Feb 2023 10:46 AM IST

ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തില്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍

ഹൈദരാബാദ്: തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കല്‍പിക കഥ പറയുന്ന ചിത്രമാണ് എസ്.എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് യഥാക്രമം ഈ റോളുകളിലെത്തിയത്. ചിത്രം ബോക്സോഫീസില്‍ വന്‍വിജയം നേടുകയും ആഗോളതലത്തില്‍ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.


എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. രാജമൗലി ബി.ജെ.പി അജണ്ടയെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം. ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തില്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ബാഹുബലിയുടെയും ആർആർആറിന്റെയും കഥകൾക്ക് പിന്നിലെ ആശയങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു മറുപടി നല്‍കിയത്.''ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ സാങ്കല്‍പിക കഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാൽ ചരിത്രപരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണോ എന്നതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അതുപോലെ തന്നെ ആര്‍.ആര്‍.ആര്‍ ഒരു ഡോക്യുമെന്‍ററിയല്ല, ചരിത്ര സിനിമയുമല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പികമാണ്. ഈ രീതി മുന്‍പും പലതവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ മായാബസാറിനെ കുറിച്ചും ഇപ്പോൾ സംസാരിച്ചു - ആര്‍.ആര്‍.ആര്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെങ്കിൽ, മായാബസാർ ചരിത്രപരമായ ഇതിഹാസത്തിന്റെ വക്രീകരണമാണ്'' രാജമൗലി വ്യക്തമാക്കി.



"ഞാൻ ബി.ജെ.പിയെയോ ബി.ജെ.പിയുടെ അജണ്ടയെയോ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന ആളുകളോട് ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഭീമിന്‍റെ ആദ്യകാല കഥാപാത്ര രൂപകല്പന ഞങ്ങൾ ആദ്യം പുറത്തിറക്കിയപ്പോൾ, മുസ്‍ലിം തൊപ്പി ധരിച്ച വിധത്തിലാണ് അവതരിപ്പിച്ചത്. അതിനു ശേഷം, ആര്‍.ആര്‍.ആര്‍ കാണിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്ന് ഒരു ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തി, ഞങ്ങൾ തൊപ്പി നീക്കം ചെയ്തില്ലെങ്കിൽ എന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു.അതുകൊണ്ട് ഞാൻ ബിജെപിക്കാരനാണോ അല്ലയോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.ഞാൻ തീവ്രവാദത്തെ വെറുക്കുന്നു, അത് ബി,ജെ,പിയായാലും മുസ്‍ലിം ലീഗായാലും.സമൂഹത്തിന്‍റെ ഏത് വിഭാഗത്തിലും തീവ്രമായ ആളുകളെ ഞാൻ വെറുക്കുന്നു.അതാണ് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ലളിതമായ വിശദീകരണം." രാജമൗലി കൂട്ടിച്ചേര്‍ത്തു.



രാജമൗലിയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദാണ് ആർആർആറിന്റെ കഥ എഴുതിയിരിക്കുന്നത്.രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ കൂടാതെ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, റേ സ്റ്റീവൻസൺ, ഒലീവിയ മോറിസ്, അലിസൺ ഡൂഡി, സമുദ്രക്കനി എന്നിവരും ചിത്രത്തിന്‍റെ ഭാഗമായിരുന്നു.



Similar Posts