
മലൈകോട്ടൈ വാലിബനിലെ റഷ്യൻ താരം ഡയാന ഇനി കേരളത്തിന്‍റെ മരുമകള്‍
|ആയോധനകല പരിശീലകനായ വിപിനാണ് വരൻ. ഞായറാഴ്ച ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ റഷ്യൻ താരം ഡയാന കേരളത്തിന്റെ മരുമകളായി. ആയോധനകല പരിശീലകനായ വിപിനാണ് വരൻ. ഞായറാഴ്ച ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. മോഡലും യോഗ പരിശീലകയും നർത്തകിയുമായ ഡയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റൻ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. മുംബൈയിൽ വെൽനെസ് കേന്ദ്രത്തിൽ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിൻ. മോസ്‌കോയിലെ വിക്ടർ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന. ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിൻ.
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ. രാജസ്ഥാൻ,ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളായിരുന്നു വാലിബൻറെ പ്രധാന ലൊക്കേഷനുകൾ. രാജസ്ഥാനിലായിരുന്നു ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസമായിരുന്നു ഇവിടെ ഷൂട്ടിംഗ്. രണ്ടാം ഷെഡ്യൂൾ ചെന്നൈയിലായിരുന്നു ഷൂട്ട് ചെയ്തത്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ. പി.എസ് റഫീഖാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ഗുസ്തിക്കാരനായിട്ടാണ് വേഷമിടുന്നത്. അടിവാരത്ത് കേളു മല്ലൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ.ആചാരി, സുചിത്ര നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.ഷിബു ബേബി ജോണിൻറെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമാണ സംരംഭമാണിത്.