< Back
Entertainment
അലക്സാണ്ടര്‍ വീണ്ടും വരുന്നു...; സാമ്രാജ്യം റീ റിലീസ് സെപ്റ്റംബറില്‍
Entertainment

അലക്സാണ്ടര്‍ വീണ്ടും വരുന്നു...; 'സാമ്രാജ്യം' റീ റിലീസ് സെപ്റ്റംബറില്‍

Web Desk
|
17 Aug 2025 12:27 PM IST

1990 കാലഘട്ടത്തില്‍ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ സിനിമകളിലൊന്നാണ് 'സാമ്രാജ്യം

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ 'സാമ്രാജ്യം' റി റിലീസിനെത്തുന്നു. 4k ഡോൾബി അറ്റ്മോസ് പതിപ്പില്‍ സെപ്തംബറിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

1990 കാലഘട്ടത്തില്‍ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ 'സാമ്രാജ്യം' അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു. അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ഡബ്ബും റീമേക്കും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇളയരാജയൊരുക്കിയ പശ്ചാത്തല സംഗീതമായിരുന്നു സാമ്രാജ്യത്തിന്‍റെ ഹൈലൈറ്റുകളിലൊന്ന്.

അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ജയാനൻ വിൻസൻ്റ് ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.എഡിറ്റിംഗ് - ഹരിഹര പുത്രൻ.

മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യ , സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Similar Posts