< Back
Entertainment
പ്രതിഫലം നൂറു കോടി, നഷ്ടം ആരു നികത്തും; അക്ഷയ് കുമാറിനെതിരെ വിതരണക്കാർ
Entertainment

പ്രതിഫലം നൂറു കോടി, നഷ്ടം ആരു നികത്തും; അക്ഷയ് കുമാറിനെതിരെ വിതരണക്കാർ

Web Desk
|
10 Jun 2022 2:08 PM IST

"കാലം കഴിഞ്ഞെന്ന് ഈ സൂപ്പർ സ്റ്റാറുകൾ മനസ്സിലാക്കണം"

മുംബൈ: കൊട്ടിഗ്‌ഘോഷിച്ച് റിലീസ് ചെയ്ത ചരിത്ര സിനിമ സാമാട്ട് പൃഥ്വിരാജിന്റെ പരാജയത്തിൽ നടൻ അക്ഷയ് കുമാറിനെതിരെ വിതരണക്കാർ. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താൻ അക്ഷയ് തയ്യാറാകണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതായി ഐഡബ്യൂഎം ബസ് ഡോട് കോം റിപ്പോർട്ടു ചെയ്തു. പൃഥ്വിരാജിന് പുറമേ, നേരത്തെ റിലീസ് ചെയ്ത അക്ഷയിന്റെ ബച്ചൻ പാണ്ഡെയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിതരണക്കാരുടെ ആവശ്യം.

'അക്ഷയ് കുമാർ ചെയ്യേണ്ട യഥാർത്ഥ കാര്യമിതാണ് (നഷ്ടം നികത്തല്‍). തെന്നിന്ത്യയിൽ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങൾ സഹിക്കാറുണ്ട്. ഹിന്ദി സിനിമയിൽ നിർമാതാക്കളും വിതരണക്കാരും പ്രദർശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത്? അക്ഷയ് കുമാർ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണം. ഈയിടെയുണ്ടായ പരാജയത്തിൽ ചിലർ പാപ്പരാകുക വരെ ചെയ്തു.' - ബിഹാറിലെ മുഖ്യവിതരണക്കാരിൽ ഒരാളായ റോഷൻ സിങ് വെബ്‌സൈറ്റിനോട് പറഞ്ഞു.

വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ അക്ഷയ് കുമാർ ചിന്തിക്കുന്നതു പോലുമുണ്ടാകില്ലെന്ന് മറ്റൊരു വിതരണക്കാരനായ സുമൻ സിൻഹ പ്രതികരിച്ചു. കാലം കഴിഞ്ഞെന്ന് ഈ സൂപ്പർ സ്റ്റാറുകൾ മനസ്സിലാക്കണം. അവർക്ക് ബാങ്ക് ബാലൻസിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൂൺ മൂന്നിന് റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ഇതുവരെ 55 കോടി മാത്രമാണ് നേടിയത്. രജപുത് രാജാവായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തത്. 180 കോടിയാണ് ആകെ മുതൽമുടക്ക്. താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആകും പൃഥ്വിരാജ് എന്നാണ് ആജ്തക് റിപ്പോർട്ടു ചെയ്യുന്നത്. ഏറെ പ്രൊമോഷനും വലതു രാഷ്ട്രീയ പിന്തുണയ്ക്കും ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. അതേസമയം, പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം 250 കോടിയോളം നേടി പ്രദർശനം തുടരുകയാണ്.

ഈയടുത്ത കാലത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളിൽ ഭൂൽ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. കങ്കണ റണാവട്ടിന്റെ ധാക്കഡ്, ഷാഹിദ് കപൂറിന്റെ ജഴ്സി തുടങ്ങിയ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. അതേസമയം, തെലുങ്ക് ചിത്രം ആർആർആർ, കന്നട ചിത്രം കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയവ 1000 കോടിയിലധികമാണ് വരുമാനം നേടിയത്.

Similar Posts