
നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു, നിയമപരമായി നേരിടും; ഫെഫ്ക മാനനഷ്ട കേസിനെതിരെ സാന്ദ്ര തോമസ്
|50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര തോമസിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്
കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്‌തെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് സാന്ദ്ര തോമസ്. പറഞ്ഞതില്‍ നിന്ന് പിന്നോട്ടുപോകില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര തോമസിനെതിരെ കേസ് ഫയല്‍ ചെയ്തത്. വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതല്ലാതെ തന്നെ നിയമപരമായി ഒന്നുമറിയിച്ചിട്ടില്ലെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ടു മാസം മുമ്പ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ സംഘടനയാണ് എറണാകുളം സബ്‌കോടതിയില്‍ സാന്ദ്രയ്ക്ക് എതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാര്‍ എന്ന സ്ഥാനം സിനിമയില്‍ ഉണ്ടായിരിക്കേണ്ടതില്ല. കാരണം അവര്‍ ചെയ്യുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അല്ല പകരം ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് മാത്രമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ധാരണയുമില്ല എന്ന പരാമര്‍ശമായിരുന്നു സാന്ദ്ര തോമസ് നടത്തിയത്. കൂടാതെ തന്റെ കൂടെ നിന്ന പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും വലിയ പണക്കാരാകുന്നു. ഫ്‌ളാറ്റ് അടക്കം വാങ്ങുന്നുവെന്നും സാന്ദ്ര അഭിമുഖത്തില്‍ പറഞ്ഞു. താന്‍ അറിയാതെ നിങ്ങള്‍ മോഷ്ടിച്ചോളൂ എന്ന് വേദനയോടെ പലരോടും പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഈ പരാമര്‍ശത്തിലാണ് സാന്ദ്രയ്ക്ക് എതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതില്‍ നിന്നും പിന്നോട്ട് പോകില്ല എന്നുമാണ് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്. നിയമപരമായി തനിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്. അതിനാല്‍ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള നിയമനടപടികള്‍ വന്നാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ മോശക്കാരാക്കുന്ന പ്രസ്ഥാവനയാണ് സാന്ദ്ര തോമസ് നടത്തിയത് എന്നാണ് യൂണിയന്റെ ആരോപണം.