< Back
Entertainment
ധുരന്ധറിൽ രൺവീര്‍ സിങ്ങുമായുള്ള 20 വയസിന്‍റെ പ്രായവ്യത്യാസം; ഒടുവിൽ മൗനം വെടിഞ്ഞ് സാറാ അര്‍ജുൻ
Entertainment

ധുരന്ധറിൽ രൺവീര്‍ സിങ്ങുമായുള്ള 20 വയസിന്‍റെ പ്രായവ്യത്യാസം; ഒടുവിൽ മൗനം വെടിഞ്ഞ് സാറാ അര്‍ജുൻ

Web Desk
|
21 Jan 2026 12:10 PM IST

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീര്‍ സിങ്ങും സാറാ അര്‍ജുനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡിൽ ഏറ്റവും കലക്ഷൻ നേടിയ ചിത്രമായിരുന്നു ധുരന്ധര്‍. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീര്‍ സിങ്ങും സാറാ അര്‍ജുനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ഇരുവരും തമ്മിലുള്ള 20 വയസിന്‍റെ പ്രായവ്യത്യാസം ചര്‍ച്ചയായിരുന്നു.

ഇരുവരെയും കണ്ടാൽ അച്ഛനും മകളുമാണെന്നേ തോന്നൂ...രൺവീറിന് നാണമില്ലേ ചെറിയൊരു പെൺകുട്ടിയുടെ നായകനാകാൻ എന്നിങ്ങനെയുള്ള വിമര്‍ശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ഇപ്പോൾ ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് സാറാ അര്‍ജുൻ. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യത്യസ്ത കാഴ്ചപ്പാടുകളെ താൻ ബഹുമാനിക്കുന്നുവെന്നും നടി പറഞ്ഞു.

ചിത്രത്തിന്‍റെ കഥ നോക്കിയാൽ ഈ പ്രായവ്യത്യാസത്തിന് ന്യായീകരണമുണ്ടെന്ന് സാറ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് താൻ സോഷ്യൽമീഡിയയുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്നും താനും രൺവീറും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾ പോലും തന്നിലേക്ക് എത്തിയില്ലെന്നും സാറ പറഞ്ഞു."സോഷ്യൽ മീഡിയയിലാണ് ഈ ബഹളം, അല്ലേ? ഞാൻ അത്ര സജീവമല്ല. ഞാൻ അതിൽ അധികം പങ്കെടുത്തിട്ടില്ല... എല്ലാവർക്കും അഭിപ്രായമുണ്ടെന്ന് എനിക്കും തോന്നുന്നു. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതിൽ ഞാൻ ശരിക്കും വിശ്വസിക്കുന്നു... അത് അവരുടെ അഭിപ്രായമാണ്... ഞാൻ ചിന്തിക്കുന്ന രീതിയിൽ അത് ഒരു സ്വാധീനവും ചെലുത്തുന്നില്ല... എനിക്ക് കഥ അറിയാമായിരുന്നു, അത് ന്യായമാണെന്ന് എനിക്കറിയാമായിരുന്നു, അത്രമാത്രം" സാറ കൂട്ടിച്ചേര്‍ത്തു.

ധുരന്ധറിൽ സാറയുടെ കഥാപാത്രം ഒരു കൗമാരക്കാരിയായിരുന്നു. രൺവീറിന്റെ കഥാപാത്രം മധ്യവയസ്കനായിരുന്നു.രൺവീറിനെക്കാൾ നല്ലൊരു സഹപ്രവര്‍ത്തകനെ താൻ കണ്ടിട്ടില്ലെന്നും നടി പറഞ്ഞു.

"ഭാവിയിൽ ഞാൻ ആരോടൊപ്പം ജോലി ചെയ്താലും, രൺവീറിനെ മറികടക്കാൻ ആർക്കും കഴിയില്ലെന്ന് ഞാൻ കരുതുന്നു, അദ്ദേഹം അത്രയധികം ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ, അദ്ദേഹം സ്വന്തം ക്രാഫ്റ്റിൽ വളരെയധികം മുഴുകിയിരിക്കുന്നു. പക്ഷേ മുഴുവൻ സെറ്റും അദ്ദേഹം ശ്രദ്ധിക്കുന്നു. അദ്ദേഹം അതിനെ (സിനിമാ നിർമ്മാണം) ഒരു ടീം വർക്കായി കാണുന്നു. അദ്ദേഹം നമ്മളെയെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നു" അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബര്‍ 5നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ലോകമെമ്പാടും 1300 കോടിയിലധികം കലക്ഷൻ നേടി. പാകിസ്താന്‍റെ പശ്ചാത്തലത്തിലാണ് ഈ സ്പൈ ത്രില്ലർ ഒരുക്കിയിരിക്കുന്നത്, ലിയാരി ആസ്ഥാനമായുള്ള ഭീകര ശൃംഖലകളിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ചാരനായി രൺവീർ അഭിനയിക്കുന്നു. അക്ഷയ് ഖന്ന , സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ മാധവൻ എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രണ്ടാം ഭാഗം 2026 മാർച്ചിൽ പ്രേക്ഷകരിലെക്കെത്തും.

Similar Posts