< Back
Entertainment
ബെന്യാമിനും ഇന്ദുഗോപനും തിരക്കഥ; ക്രിസ്റ്റി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Entertainment

ബെന്യാമിനും ഇന്ദുഗോപനും തിരക്കഥ; 'ക്രിസ്റ്റി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Web Desk
|
14 Dec 2022 9:46 PM IST

തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ആൽവിൻ ഹെൻറി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കും ടൈറ്റിലും റിലീസ് ചെയ്തു. സംവിധായകന്‍റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റോക്കി മൗണ്ടെയിൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്‍റിക്ക് ഫീൽ ​ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം മനു ആന്‍റണിയാണ്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.

കലാസംവിധാനം: സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, സ്റ്റിൽസ്: സിനറ്റ് സേവിയർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രദീപ് ഗോപിനാഥ്, വിജയ്.ജി.എസ്, പ്രൊഡക്ഷൻ കൺട്രോളർ: ​ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷെല്ലി ശ്രീസ്, പബ്ലിസിറ്റി ഡിസൈനർ: ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ), പി.ആര്‍.ഒ-വാഴൂർ ജോസ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.

Similar Posts