
'ആരാരുമറിയാത്ത' പുജാരയെ രക്ഷിച്ച കിങ് ഖാൻ; ആ കഥ വെളിപ്പെടുത്തി പുജാരയുടെ ഭാര്യ
|പുജാര ആരാണെന്നോ എങ്ങനെയാണന്നോ അറിയാത്ത കാലം. എന്നാല്‍ അന്ന് താരത്തിനേറ്റ പരിക്കില്‍ നിന്ന് രക്ഷകനായത് ബോളിവുഡിന്റെ കിങ് ഖാന്‍
ന്യൂഡല്‍ഹി: 2010ലെ ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎല്‍) കാലം. അന്ന് ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു(കെകെആര്‍) ഇന്ത്യയുടെ ചേതേശ്വര്‍ പുജാര.
പുജാര ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന സമയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം അരങ്ങേറിയിട്ട് പോലുമില്ല. പുജാര ആരാണെന്നോ എങ്ങനെയാണന്നോ അറിയാത്ത കാലം. എന്നാല്‍ അന്ന് താരത്തിനേറ്റ പരിക്കില്‍ നിന്ന് രക്ഷകനായത് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖാന്‍. ഇക്കാര്യം വെളിപ്പെടുത്തിയത് പുജാരയുടെ ഭാര്യ പൂജ പുജാര.
കായിക താരങ്ങളെ അങ്ങേയറ്റം തളര്‍ത്തുന്നൊരു പരിക്കായിരുന്നു അന്ന് താരത്തിന് ഏറ്റത്. പകരക്കാരനായി ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ പുജാരയിലെ ഭാവി തിരിച്ചറിഞ്ഞ് കിങ് ഖാന്‍ രക്ഷക്കെത്തിയ കഥ പറയുകയാണ് പൂജ പുജാര.
പൂജാരയ്ക്ക് മികച്ച ഭാവിയുണ്ടെന്നും കേപ് ടൗണിൽ(ദക്ഷിണാഫ്രിക്ക) അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താൻ ഫ്രാഞ്ചൈസി ഒരുക്കങ്ങൾ നടത്തിയെന്ന് ഷാറൂഖ് പറഞ്ഞതായും പൂജ പറയുന്നു. പാസ്‌പോർട്ടുകൾ, വിസകൾ, യാത്ര എന്നിവയെല്ലാം കെകെആർ കൈകാര്യം ചെയ്തു, പുജാരയുടെ പിതാവിനെ കേപ് ടൗണിലേക്ക് വിമാനത്തിൽ കയറ്റി അയച്ചത് പോലും ടീം കെകെആര്‍ ആയിരന്നുവെന്നും പൂജ പറഞ്ഞു. തന്റെ പുതിയ പുസ്തകത്തിലാണ് പൂജയുടെ വെളിപ്പെടുത്തലുകള്‍.
പുജാരക്ക് മികച്ച ഭാവിയുണ്ടെന്നും ലഭ്യമായ ഏറ്റവും മികച്ച വൈദ്യചികിത്സ അവന് ലഭിക്കണമെന്നും ഷാരൂഖ് എന്നോട് പറഞ്ഞു. എന്നാല്‍ മറ്റൊരു നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിലെ എന്റെ ആശങ്കകളൊക്കെ ഷാറൂഖ് മനസിലാക്കി. ആരെയാണോ കൂടെ വേണ്ടത് അവരെയെല്ലാം കേപ് ടൗണിലേക്ക് കൊണ്ടുപോകാമെന്നും ഷാറൂഖ് പറഞ്ഞതായും പൂജ പറയുന്നു. അന്നത്തെ ചികിത്സയാണ് പൂജാരയെ മാറ്റിയതെന്നും കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്താന്‍ സാധിച്ചതെന്നുമാണ് ഭാര്യ പങ്കുവെക്കുന്നത്. ഈ സംഭവങ്ങള്‍ക്കൊക്കെ ശേഷമാണ് പുജാര ഇന്ത്യക്കായി അരങ്ങേറുന്നതും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായി അറിയപ്പെടുന്നതും.