< Back
Entertainment
വാപ്പച്ചി മരിക്കുമ്പോൾ എനിക്ക് 21 വയസാണ്, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടുണ്ട്: ഷെയ്ൻ നിഗം

ഷെയ്ൻ നിഗം Photo|Facebook

Entertainment

'വാപ്പച്ചി മരിക്കുമ്പോൾ എനിക്ക് 21 വയസാണ്, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടുണ്ട്': ഷെയ്ൻ നിഗം

Web Desk
|
29 Sept 2025 10:05 AM IST

എനിക്ക് ഉമ്മച്ചിയും പെങ്ങന്മാരും പൂച്ചയായ ടൈഗറുമുണ്ട്. അവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്.

കൊച്ചി: മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു മിമിക്രി താരവും നടനുമായ കലാഭവൻ അബിയുടെ അപ്രതീക്ഷിത വേര്‍പാട്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം 2017 നവംബര്‍ 30നാണ് ഈ ലോകത്തോട് വിടപറയുന്നത്. വാപ്പച്ചി പോയതിന് ശേഷം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയെന്ന് മകനും നടനുമായ ഷെയ്ൻ നിഗം പറഞ്ഞു. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷെയ്ന്‍ മനസ് തുറന്നത്. വിങ്ങലോടെയാണ് ഷെയ്ൻ അബിയെക്കുറിച്ച് പറഞ്ഞത്. പുതിയ ചിത്രമായ ബൾട്ടിയുടെ പ്രൊമോഷന്‍റെ ഭാഗമായി എത്തിയതായിരുന്നു ഷെയ്ൻ.

''ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. അതിനര്‍ത്ഥം ഞാന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ആളാണെന്നല്ല. ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. ആ സമയം എന്റെ ഉള്ളിലൊരു നിശബ്ദതയുണ്ട്. എന്റെ ഉള്ളിലിരുന്ന് ആരോ എന്നെ തന്നെ നോക്കുന്നുണ്ട്. ആ ആളെ ഞാന്‍ മനസാക്ഷിയായോ ദൈവമായോ കാണുന്നു. ആ മനസാക്ഷിയുടെ മുമ്പില്‍ മാത്രമേ ഞാന്‍ ജീവിക്കുന്നുള്ളൂ. കാരണം മനുഷ്യര്‍ക്ക് പല അഭിപ്രായങ്ങളുണ്ട്. ആ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ മൂഡിനേയും ജീവിതത്തേയും മാറ്റാന്‍ ശ്രമിച്ചാല്‍ അത് ഭയങ്കര എഫേര്‍ട്ടാകും. നമ്മള്‍ ഡ്രെയ്‌ന്ഡ് ആകും. ഓവര്‍ തിങ്കിങിലേക്ക് പോകും. ഡിപ്രഷനും ആങ്‌സൈറ്റിയുമുണ്ടാകും.

''ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത്, ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. എനിക്ക് ഉമ്മച്ചിയും പെങ്ങന്മാരും പൂച്ചയായ ടൈഗറുമുണ്ട്. അവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്. അവരുടെ പിന്തുണ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്തേക്കാണ്. സെല്‍ഫ്‌ലെസ് ലവ് ആണ് അവരുടേത്. പക്ഷെ എന്റെ ഒറ്റപ്പെടലിനെ ഞാന്‍ ഒരുപാടങ്ങ് മുറുക്കിപ്പിടിക്കുന്നുണ്ട് ഇപ്പോള്‍. വേറൊന്നും കൊണ്ടല്ല, അങ്ങനെ ഇരിക്കേണ്ട അവസ്ഥ ഒരുപാടുണ്ടായിട്ടുണ്ട് ജീവിതത്തില്‍.

വാപ്പച്ചിയുടെ മരണം മുതല്‍ കൂട്ടാം. എനിക്കന്ന് 21 വയസാണ്. പത്തൊമ്പതാം വയസില്‍ പടം ചെയ്തു. പക്ഷെ പടം ഇറങ്ങിയത് കുറച്ച് കഴിഞ്ഞിട്ടാണ്. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് വാപ്പച്ചിയും പോയി. അതിന് ശേഷം ഞാന്‍ എന്തൊക്കയോ ചെയ്യുകയായിരുന്നു. എനിക്ക് അറിഞ്ഞൂട ഞാന്‍ എന്താ ചെയ്തിരുന്നത്. ആ യാത്രയില്‍ പലതും നേരിട്ടു. നല്ലൊരു വിജയം കിട്ടും, പിന്നാലെ എന്തെങ്കിലും പ്രശ്‌നം വരും. വീണ്ടുമൊരു നല്ല വിജയം വരും, പിന്നാലെ പ്രശ്‌നം വരും. അങ്ങനെ എന്നെ ഉരുക്കി ഉരുക്കി എടുക്കുന്ന അവസ്ഥയായിരുന്നു. അപ്പോഴൊക്കെ എന്റെ കുടെ ഉണ്ടായിരുന്നത് ഞാന്‍ മാത്രമാണ്. ആ മനസാക്ഷിയാണ് എപ്പോഴും കൂടെയുള്ളത്. വേറാരുമില്ല. ആ അവസ്ഥയാണ് എന്റെ ഗുരു. ആ വിഷമങ്ങളും വേദനകളുമാണ് എന്റെ ഗുരു.'' ഷെയ്ൻ പറഞ്ഞു.

Similar Posts