< Back
Entertainment
ജീവിതം മുമ്പോട്ടു പോകാൻ ഇതൊന്നും തടസ്സമാകില്ല; രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശിൽപ്പ ഷെട്ടി
Entertainment

'ജീവിതം മുമ്പോട്ടു പോകാൻ ഇതൊന്നും തടസ്സമാകില്ല'; രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശിൽപ്പ ഷെട്ടി

Web Desk
|
23 July 2021 10:59 AM IST

"കഴിഞ്ഞ കാലത്ത് ഒരുപാട് വെല്ലുവിളികളെ നേരിട്ടു. ഭാവിയിലും അവ അതിജീവിക്കും"

മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ ശേഷം ഇൻസ്റ്റഗ്രാമിൽ ആദ്യ കുറിപ്പിട്ട് ശിൽപ്പ ഷെട്ടി. അമേരിക്കൻ കാർട്ടൂണിസ്റ്റ് ജെയിംസ് തർബറുടെ ഉദ്ധരണിയുള്ള പുസ്തകത്തിന്റെ പേജാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'കഴിഞ്ഞകാലത്തെ ദേഷ്യത്തോടെയും വരുംകാലത്തെ ഭയത്തോടെയുമല്ല, ജാഗ്രതയോടെയാണ് നോക്കിക്കാണേണ്ടത്' എന്നാണ് തർബറുടെ ഉദ്ധരണിയിൽ പറയുന്നത്.

'ചുറ്റും നോക്കുന്നു' എന്ന തലക്കെട്ടാണ് അധ്യായത്തിന്റേത്. നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഇവിടെയെത്തിയത് എന്നും തന്റെ ജീവിതം ജീവിച്ചു തീർക്കുക തന്നെ ചെയ്യുമെന്നുമുള്ള വാക്കുകൾ അധ്യായത്തിലുണ്ട്.

സംഗ്രഹം ഇങ്ങനെ; 'നമ്മെ വേദനിപ്പിച്ച ആളുകളെ ദേഷ്യത്തോടെയാണ് തിരിഞ്ഞു നോക്കാറുള്ളത്. നമുക്കുണ്ടായ ഇച്ഛാഭംഗങ്ങളെയും ദൗർഭാഗ്യങ്ങളെയും അങ്ങനെത്തന്നെ. ജോലി പോകുമോ, പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമോ? അസുഖം വരുമോ എന്ന സാധ്യതകളെയൊക്കെ ഭയത്തോടെയാണ് നാം നോക്കിക്കാണുന്നത്... ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ ഞാൻ ദീർഘ നിശ്വാസമിടുന്നു. കഴിഞ്ഞ കാലത്ത് ഒരുപാട് വെല്ലുവിളികളെ നേരിട്ടു. ഭാവിയിലും അവ അതിജീവിക്കും. ഇന്നത്തെ എന്റെ ജീവിതം ജീവിക്കാൻ മറ്റൊന്നും തടസ്സമാകില്ല'


അതിനിടെ, രാജ് കുന്ദ്രയുടെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ സെർവറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിർമാണ കമ്പനികളുടെ സഹായത്തോടെ നിർമിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ രാജ് കുന്ദ്ര തയ്യാറാവുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

വീഡിയോകൾ ഫോറൻസിക് പരിശോധനക്കയക്കും. ഹോട്ട്ഷോട്ട്സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ ഗൂഗിൾ പേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിന് ബദലായി മറ്റൊരു ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങാൻ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ശ്രമിച്ചതിന്റെ വിവരങ്ങളും വാട്സ്ആപ്പ് ചാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രക്ക് ബന്ധമുണ്ട്. കിന്റിന്റെ സഹായത്തോടെ നീലച്ചിത്രങ്ങൾ ഇന്റർനെറ്റിൽ അപലോഡ് ചെയ്തെന്ന ആരോപണവും പൊലീസ് പരിശോധിക്കും. കുന്ദ്രയുടെ രണ്ട് വർഷക്കാലത്തെ ബാങ്ക് എക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് വർഷത്തോളമായി കുന്ദ്ര നീലച്ചിത്ര വ്യവസായം നടത്തുന്നതായി പൊലീസ് പറഞ്ഞു.

Similar Posts