
'നീ അത്രക്ക് പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല, വിഷമിക്കണ്ട'; ഡാഡി പോയെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു: ഷൈൻ ടോം ചാക്കോ
|'എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ എന്ന് മമ്മി ചോദിക്കുന്നുണ്ട്'
കൊച്ചി: പിതാവ് സി.പി ചാക്കോ വാഹനാപാകടത്തിൽ മരിച്ചതിന് ശേഷം താനും കുടുംബവും കടന്നുപോയ അവസ്ഥയെക്കുറിച്ച് മനസ് തുറന്ന് നടൻ ഷൈൻ ടോം ചാക്കോ. അതുവരെ ആക്സിഡന്‍റ് എന്നുപറയുന്നത് ടിവിയിൽ കാണുന്ന വെറും ന്യൂസ് മാത്രമായിരുന്നുവെന്നും എന്നാൽ അതിലൂടെ കടന്നുപോകുമ്പോള്‍ താൻ കരഞ്ഞുപോയെന്നും ഷൈൻ പറഞ്ഞു.
പിതാവിന്‍റെ മരണശേഷം മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. 'നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. കുറച്ച് കുറുമ്പ് ഉണ്ടെന്നേയുള്ളു. അതൊന്നു മാറ്റിയാൽ മതി, അത്രേയുള്ളു. നമുക്ക് ഇനിയും പടം ചെയ്യാം. എല്ലാം ശരിയാകും ഒന്നും ആലോചിച്ച് വിഷമിക്കേണ്ട, നമ്മൾ മുന്നോട്ട് പോകുക... ബാക്കിയെല്ലാം നമുക്കൊപ്പം വന്നോളും' എന്നാണ് മമ്മൂട്ടി പറഞ്ഞത്. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ഇക്കാര്യങ്ങൾ പറഞ്ഞത്.
ജൂൺ 6നാണ് തമിഴ്‌നാട്ടിലെ സേലത്ത് വച്ചുണ്ടായ അപകടത്തിൽ ചാക്കോ മരിക്കുന്നത്. ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിലേക്ക് ഷൈനിന്‍റെ ചികിത്സാര്‍ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പുറമെ അമ്മ കാര്‍മല്‍, സഹോദരന്‍ ജോജോ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍
സിഗരറ്റ് വലിക്ക് പകരമായി തുടങ്ങിയ ശീലമായിരുന്നു ബിസ്‌ക്കറ്റോ അങ്ങനെ എന്തെങ്കിലും കഴിക്കുക എന്നത്. ഞാന്‍ ബാക്കിലെ സീറ്റിലാണ് കിടക്കുന്നത്. ഉറക്കത്തില്‍ എണീറ്റ് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്.
അതിന് ശേഷം ഡാഡി ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ എന്ന് മമ്മി ചോദിക്കുന്നുണ്ട്. എനിക്ക് ആക്‌സിഡന്റ് അതുവരെ വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാര്‍ത്തയായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് മാത്രമായിരുന്നു. അതിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ റോഡില്‍നിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയില്‍ എത്തിക്കെണേ എന്ന്.
ലഹരിമുക്തിയ്ക്കുവേണ്ടിയുള്ള മരുന്ന് കഴിക്കുന്നത് കാരണം, നേരത്തെ കിടന്ന് ഉറങ്ങുന്ന ശീലം തുടങ്ങിയിരുന്നു. എന്നെ ഉറക്കാന്‍ കൃത്യമായി മരുന്ന് തരും, ഞാന്‍ ഉറങ്ങാന്‍ ഡാഡി വേറെ ആളെക്കൊണ്ട് വണ്ടി ഓടിപ്പിക്കും. എന്നോട് വണ്ടി ഓടിക്കാനേ പറയാറില്ല.
ഡാഡിയുടേയും മമ്മിയുടേയും മുന്നില്‍ ഞങ്ങളായിരുന്നു പോയിരുന്നതെങ്കില്‍ അത് അവര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മക്കള്‍ കണ്മുന്നില്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. എന്റെ ഡാഡിയുടേയോ മമ്മിയുടേയോ മുന്നില്‍വെച്ച് ഞാനോ അനിയനോ ആയിരുന്നു പോയിരുന്നതെങ്കില്‍ അവര്‍ അത് എങ്ങനെ അതിജീവിക്കും.
ആക്‌സിഡന്‍റായ അന്നുമുതലേ മമ്മി, ഡാഡി എവിടേ ഡാഡി എവിടേ എന്ന് ചോദിച്ചിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്നതല്ലേ ഡാഡി. ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്, എങ്ങോട്ടും പോയിട്ടില്ല എന്ന് ഞാന്‍ ഇടയ്ക്ക് പറയും. എനിക്ക് അങ്ങനെയേ പറയാന്‍ പറ്റുള്ളൂ. എന്നിട്ട് ഞാന്‍ കരയും. അപ്പോള്‍ ഞാന്‍ കരുതും അമ്മയ്ക്ക് മനസിലാവുമെന്ന്. കുറച്ചുകഴിഞ്ഞ് മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടേ എന്ന്. സ്‌ട്രെക്ച്ചറില്‍ കിടക്കുന്ന അവസ്ഥയായതിനാല്‍ അവസാനമായിപോലും ഡാഡിയെ നേരാംവണ്ണം കാണാന്‍ മമ്മിക്ക് കഴിഞ്ഞിട്ടില്ല. മമ്മിക്കാണ് കംപാനിയന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത്.