Entertainment
Shweta Menon invites tourists to Lakshadweep
Entertainment

'ഇത് മാലിയല്ല, നിങ്ങൾ എത്ര അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം വളരും'; ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ശ്വേതാ മേനോന്‍

Web Desk
|
10 Jan 2024 6:25 PM IST

ലക്ഷദ്വീപിന്‍റെ ആകാശക്കാഴ്ചകളടങ്ങുന്ന ഒരു വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് ശ്വേതാ മേനോന്‍ സഞ്ചാരികളെ ക്ഷണിച്ചത്

ഇന്ത്യൻ ദ്വീപുകളിലേക്ക് ആളുകളെ ക്ഷണിച്ച് നടി ശ്വേത മേനോൻ. ലക്ഷദ്വീപിന്റെ മനോഹരമായ ആകശക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇന്ത്യയിലേക്ക് സഞ്ചാരികളെ ക്ഷണിച്ചത്. 'ഞങ്ങൾ വസുധൈവ കുടുംബകം എന്നതിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഒറ്റ കുടുംബമായി കാണുന്നു. എന്നാൽ സ്വന്തം രാജ്യത്തിന്റെ കാര്യം വരുമ്പോൾ, ഞാൻ വളരെ വൈകാരികമാകും. ഞാനൊരു പട്ടാളക്കാരന്റെ മകളാണ്, അതിനാൽ എന്റെ രാജ്യത്തിൽ അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്ര അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം വളരും. അതുകൊണ്ട് ഞങ്ങളുടെ രാജ്യത്തെയേും ഇവിടത്തെ ദ്വീപുകളും അതുപോലെയുള്ള മനോഹരമായ സ്ഥലങ്ങളും ആസ്വദിക്കൂ. കൂടാതെ ഇന്ത്യൻ ദ്വീപുകളെ ആസ്വദിച്ച് നമ്മുടെ രാജ്യത്തിലെ ലോക്കൽ ടൂറിസത്തെ പിന്തുണക്കാൻ അഭ്യർഥിക്കുന്നു. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഞാൻ ഏറെ അഭിമാനക്കൊള്ളുന്നു'- ശ്വേതാ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശത്തിന് ശേഷം അദ്ദേഹം സഞ്ചാരികളെ ലക്ഷദ്വീപ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പേരിലുള്ള സാമൂഹിക മാധ്യമത്തിലെ പോസ്റ്റും ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി ഇന്ത്യക്കാർ മാലദ്വീപ് യാത്ര ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞദിവസമാണ് മന്ത്രി മറിയം ഷിയുനയുടെ പേരിലുള്ള 'എക്‌സ്' അക്കൗണ്ടിൽനിന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പോസ്റ്റ് വന്നത്.

ഇത് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി. കഴിഞ്ഞദിവസം മോദി ലക്ഷദ്വീപിൽ സന്ദർശിച്ചതിന്റെയും സ്‌നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും 'എക്‌സി'ൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മറിയത്തിന്റെ പോസ്റ്റ് വന്നത്. 'എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര ഡൈവർ' എന്നായിരുന്നു പോസ്റ്റ്. വിസിറ്റ് മാലിദ്വീപ് എന്ന ഹാഷ് ടാഗും കൂടെയുണ്ടായിരുന്നു.

ഇതിന് പിന്നാലെ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. സർക്കാറിന്റെ ഔദ്യോഗിക പദവിയിലിരിക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളിട്ടവരെ സസ്‌പെൻഡ് ചെയ്യുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. കൂടാതെ മന്ത്രിമാർക്കെതിരെ മാലിദ്വീപിലെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.



Similar Posts