
'എന്നെ സ്റ്റെപ്പ് ഇറങ്ങാൻ സഹായിക്കുകയാണ് ചെയ്തത്; അതിനെ കൈവച്ച് തള്ളുന്നതാക്കി: മോഹൻ ലാലിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങളിൽ എസ്.എൻ സ്വാമി
|ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പ്രതിച്ഛായ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം
മോഹൻലാൽ മോശമായി പെരുമാറി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി.
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിന്നും പടിക്കെട്ടുകൾ ഇറങ്ങാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ സഹായിക്കുകയാണ് മോഹൻലാൽ ചെയ്തതെന്നും, അല്ലാതെ തന്നെ തള്ളിമാറ്റുകയോ ശബ്ദമുയർത്തുകയോ ചെയ്തിട്ടില്ലെന്നും എസ്.എൻ സ്വാമി മനോരമ ഓൺലൈനോട് വിശദീകരിച്ചു. റീച്ചിന് വേണ്ടി ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്ന സോഷ്യൽ മീഡിയയെയും അദ്ദേഹം വിമർശിച്ചു.
പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്ന് എസ്.എൻ സ്വാമി പറഞ്ഞു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പ്രതിച്ഛായ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ മോഹൻലാൽ എസ്.എൻ. സ്വാമിയോട് മോശമായി പെരുമാറി എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത്.
സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇവർക്ക് വഴി ഒരുക്കുന്ന ബോഡി ഗാർഡുകളും തിരക്കിട്ട് പോകുന്നതും, ഇതിനിടയിൽ എസ.എൻ സ്വാമി വരുകയും 'അതിന്റെ ഇടയിൽ കൂടെ, ഒരു ശകലം മാറി നിന്നാൽ ഞങ്ങൾക്ക് പോകാം ' എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ കാണാം.
സിനിമയ്ക്കായി മോഹൻലാൽ നൽകിയ ഡേറ്റുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമാണെന്നും അതിന്റെ ദേഷ്യമാണ് താരം പ്രകടിപ്പിച്ചതെന്നുമാണ് പ്രചരിച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിൽ പലരും ആരോപിച്ചിരുന്നത്.