
തന്നെ 'ദെെവം' എന്ന് വിളിച്ച ആരാധകന് നടൻ സോനു സൂദ് നൽകിയ മറുപടി
|ട്വിറ്ററിൽ ആരാധകർക്കായി എന്നോട് എന്തും ചോദിക്കാം (Ask Me Anything) സെഷൻ താരം നടത്തിയിരുന്നു. ഇതിലൂടെയാണ് സോനു ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.
മുംബെെ: തന്നെ ദൈവമെന്ന് വിശേഷിപ്പിച്ച ആരാധകന് ബോളിവുഡ് താരം സോനു സൂദ് നൽകിയ മറുപടിയാണ് വൈറലാവുന്നത്. ട്വിറ്ററിൽ ആരാധകർക്കായി എന്നോട് എന്തും ചോദിക്കാം (Ask Me Anything) സെഷൻ താരം നടത്തിയിരുന്നു. ഇതിലൂടെയാണ് സോനു ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. ആളുകൾ 'ദൈവം' എന്ന് വിളിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്. താൻ വെറുമൊരു സാധാരണക്കാരൻ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
"സോനു സർ താങ്കളെ ആളുകൾ നിങ്ങളെ ദൈവം എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് രണ്ട് വാക്ക് പറയാമോ" എന്നായിരുന്നു ആരാധകന്റെ ചോദ്യം. "നമ്മുടെ രാജ്യത്തെ മറ്റ് സാധാരണക്കാരെ തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ" - സോനു മറുപടിയായി ട്വീറ്റ് ചെയ്തു.
"വിജയം നേടാനുള്ള ഒരു വഴി? " മറ്റൊരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചു. "നിങ്ങളുടെ മാതാപിതാക്കളുടെ പ്രാർത്ഥനകൾ" - താരം മറുപടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരുമായി വളരെ അടുത്ത ബന്ധമാണുളളത്. അക്ഷയ് കുമാർ, മാനുഷി ചില്ലർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ജാക്വലിൻ ഫെർണാണ്ടസിനൊപ്പമുളള ഫത്തേ ആണ് സോനുവിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. റോഡീസ് 19 എന്ന റിയാലിറ്റി ഷോയുടെ അവതാരകനായും വിധികർത്താക്കളിലൊരാളായും താരം എത്തിയിരുന്നു.